ഹാഥ്രസ് കേസിലെ പ്രതികളെ രക്ഷിക്കാൻ ബിജെപി നേതാവിന്റെ വസതിയിൽ സവർണ്ണരുടെ യോഗം; പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും ശിക്ഷിക്കണമെന്ന് ആവശ്യം

single-img
4 October 2020

ഹാഥ്രസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ (Hathras Rape Case) പ്രതികളെ രക്ഷിക്കാൻ ബിജെപി (BJP) നേതാവിന്റെ നേതൃത്വത്തിൽ സവർണ്ണ ജാതിയിൽപ്പെട്ടവരുടെ യോഗം. മുൻ ബിജെപി എംഎൽഎ ആയ രാജ്വീർ സിങ് പെഹൽവാന്റെ (Rajveer Singh Pahalwan) നേതൃത്വത്തിലാണ് 500-ലധികം സവർണ്ണ ജാതിക്കാർ യോഗം ചേർന്നത്.

പ്രതിപക്ഷനേതാക്കളെയും മാധ്യമപ്രവർത്തകരെയുമടക്കം വിലക്കി നിരോധനാജ്ഞ പ്രഖ്യാപിച്ച ഗ്രാമത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ നിന്നും വെറും 6 കിലോമീറ്റർ അകലെയാണ് യോഗം നടത്തിയതെന്ന് എൻഡിടിവി(NDTV) റിപ്പോർട്ട് ചെയ്യുന്നു. സ്ഥലത്ത് വിന്യസിച്ചിട്ടുള്ള പൊലീസിനെ നോക്കുകുതിയാക്കിക്കൊണ്ടായിരുന്നു യോഗം. യോഗത്തിന് അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാൻ പൊലീസ് ഉദ്യോഗസ്ഥർ തയ്യാറായതുമില്ല.

ഹാഥ്രസിലെ പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നും പ്രതികൾ നിരപരാധികളാണെന്നും യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മുൻ ബിജെപി എംഎൽഎ രാജ് വീർ സിങ് പെഹൽവാൻ പറഞ്ഞു. സിബിഐ അന്വേഷണത്തെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും രാജ് വീർ സിങ് പറഞ്ഞു.

പൊലീസ് അറസ്റ്റ് ചെയ്ത ഠാക്കൂർ സമുദായത്തിൽപ്പെട്ടവർ നിരപരാധികളാണെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്. രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത് അവരുടെ വീടുകളിൽ നിന്നാണ്. അവർ കുറ്റവാളികളായിരുന്നുവെങ്കിൽ അവർ ഒളിവിൽ പോകുമായിരുന്നല്ലോ എന്ന് സവർണ്ണരുടെ പ്രതിനിധി മൻവീർ സിങ് എൻഡിടിവി റിപ്പോർട്ടറോട് പ്രതികരിച്ചു.

പ്രതികൾ നാലുപേരും നിരപരാധികളാണെന്നും പെൺകുട്ടിയുടെ പിതാവും സഹോദരനുമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും രാജ് വീർ സിങ് പെഹൽവാൻ ഇന്നലെ ആരോപിച്ചിരുന്നു. ഇദ്ദേഹവും പ്രതികൾ ഉൾപ്പെടുന്ന ഠാക്കൂർ സമുദായാംഗമാണ്.

പ്രതികളെ വെറുതെവിടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചയും സവർണ്ണജാതിയിൽപ്പെട്ടവർ യോഗം ചേർന്നിരുന്നു.

Content: BJP leader and former Hathras MLA Rajveer Singh Pahalwan holds meeting of Upper caste people at his place in support of Hathras accused