ലഭിച്ചത് നിലവാരമില്ലാത്ത ആയുധങ്ങള്‍; സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായി; പ്രതിരോധ മന്ത്രാലയത്തിനെതിരെ സൈന്യം

single-img
29 September 2020

ഇന്ത്യൻ സൈന്യത്തിന്റെ പണമുപയോഗിച്ച് കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധനിര്‍മ്മാണ ഫാക്ടറി ബോര്‍ഡ് നല്‍കിയ തോക്ക് ഉൾപ്പെടെയുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്‌നങ്ങളും തുറന്നുകാട്ടി സൈന്യത്തിന്റെ തന്നെ റിപ്പോർട്ട്. അവസാന ആറ് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും വാങ്ങിയ ഉപകരണങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നും 960 കോടി രൂപയുടെ നഷ്ടമാണ് ഇതുണ്ടാക്കിയതെന്നും സൈന്യം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവിടെനിന്നും വാങ്ങിയ ആയുധങ്ങള്‍ ധാരാളം അപകടങ്ങള്‍ക്കും നിരവധി സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനും ഇടയാക്കിയെന്നും സൈന്യം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് അയച്ച ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു. 2014മുതല്‍ 2020 വരെയുള്ള കാലയളവില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആയുധനിര്‍മ്മാണ ഫാക്ടറി ബോര്‍ഡ് (ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ്-ഒ.എഫ്.ബി) നല്‍കിയ നിലവാരം കുറഞ്ഞ ആയുധങ്ങള്‍ക്കായി ചെലവാക്കിയ തുകയുടെ നഷ്ടം കണക്കാക്കിയാല്‍ 960 കോടി രൂപയോളം വരും.

നഷ്ടമായ ഈ തുക കൃത്യമായി വിനിയോഗിച്ചാല്‍ നൂറ് 155-എംഎം മീഡിയം ആര്‍ട്ടിലറി തോക്കുകള്‍ വാങ്ങാനാകുമായിരുന്നെന്നും സൈന്യം റിപ്പോര്‍ട്ടില്‍ പറയുന്നു.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിഫന്‍സ് പ്രൊഡക്ഷന്‍ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഒഎഫ്ബി പ്രവര്‍ത്തിക്കുന്നത്. ലോകരാജ്യങ്ങളില്‍ വെച്ച് നോക്കിയാല്‍ പോലും ഏറ്റവും പുരാതനനായ സര്‍ക്കാര്‍ നിയന്ത്രിത ആയുധനിര്‍മ്മാണശാലയായ ഒഎഫ്ബിയാണ് ഇന്ത്യന്‍ സൈന്യത്തിനുള്ള ആയുധങ്ങള്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്.