അഭിജിത്ത് മൂലം കെഎസ് യുവിന് നവവ്യാഖ്യാനം: കോവിഡ് സ്പ്രെഡിങ് യൂണിയൻ എന്ന ഹാഷ്ടാഗ് വൈറൽ

single-img
24 September 2020

കെഎസ് യു പ്രസിഡന്റ് കെ എം അഭിജിത്ത്‌ ആൾമാറാട്ടം നടത്തി എന്നും കോവിഡ് സ്ഥിരീകരിച്ചപ്പോൾ മുങ്ങിയെന്നുമുള്ള വാർത്തകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാലൻ നായർ പോലീസിനു നൽകിയ പരാതിയും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. അതിനിടെ, വൈദ്യുതി മന്ത്രി എംഎം മണിയുടെ ഫേസ് ബുക്ക് പ്രതികരണവും ചർച്ചയായി. മന്ത്രിയുടെ കമന്റ് ഇങ്ങനെ:
ചായകുടിച്ചാൽ കാശ്
“അണ്ണൻ തരും”
കോവിഡ് ടെസ്റ്റ് നടത്തിയാൽ
പേരും മേൽവിലാസവും
“വേറെ അണ്ണന്റെ തരും” #kovidSpreadingUnion

കെ എസ് യുവിന് ‘കോവിഡ് സ്പ്രെഡിങ് യൂണിയൻ’ എന്ന ഹാഷ്ടാഗ് നൽകിയത് പരക്കെ സ്വീകരിക്കപ്പെട്ടു. കെഎസ് യു ഉൾപ്പെടെയുള്ള പ്രതിപക്ഷ പ്രവർത്തകർക്കെതിരെയുള്ള വിമർശനങ്ങൾക്കും ഇത് കാരണമായി. ‘ഇതാണോ കോൺഗ്രസ്സേ പൊതുജനങ്ങളോടുള്ള പ്രതിബദ്ധത. ഇവനൊക്കെ നാളെ നേതാവല്ലേ, പൊതുജനങ്ങളെ ഇങ്ങനെ ദ്രോഹിക്കരുത്. മുല്ലപ്പള്ളി മഹാരാജാവും ചെന്നിത്തല ഗാന്ധിയും എന്ത് പറയുന്നു എന്നറിയാൻ താല്പര്യമുണ്ട്…അക്ഷരാർത്ഥത്തിൽ മരണത്തിന്റെ വ്യാപാരികൾ വെറും വ്യാപാരിയല്ല, മൊത്ത വ്യാപാരികൾ, കഷ്ടം.’ ഒരു പ്രതികരണം ഇങ്ങനെ.

‘കെഎം അഭിജിത്ത്, വളരെ മോശമായി പോയി തങ്ങളുടെ പ്രവൃത്തി.’ എന്ന കമന്റു മുതൽ സഭ്യേതരമായ അഭിസംബോധന വരെ കെ എസ് യു പ്രവർത്തകർക്ക് ലഭിച്ചു കൊണ്ടിരിക്കുകയാണ്. വിമർശകരെല്ലാം ഉപയോഗിക്കുന്ന ഹാഷ്ടാഗാണ് #KovidSpreadingUnion. വിമർശകർ വർധിച്ചതോടെ ഈ ഹാഷ്ടാഗാഗും വൈറലാവുകയായിരുന്നു. അതേസമയം, കെഎസ് യു പ്രസിഡന്റ് കെഎം അഭിജിത്തും വളരെ വൈകി തന്റെ ഭാഗം ന്യായീകരിക്കാൻ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ആ പോസ്റ്റിനു താഴെയും ഒട്ടേറെ ‌#KovidSpreadingUnion എന്ന ഹാഷ്ടാഗ് ആണ് കാണാനാവുക.

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി എൽപി സ്കൂളിൽ നടന്ന കൊവിഡ് പരിശോധനയിലാണ്‌ കെഎസ്‌യു പ്രസിഡന്റ്‌ ആൾമാറാട്ടം നടത്തിയത്‌. ഇവിടെ 48 പേരെ പരിശോധിച്ചതിൽ 19 പേർക്ക് ഫലം പോസിറ്റീവായി. ഇതിൽ പ്ലാമൂട് വാർഡിലെ മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. എന്നാൽ രണ്ടു പേരെ മാത്രമേ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ളൂ. മൂന്നാമത്തെ ആളിൻ്റ പേര് അബി എന്നും പ്ലാമൂട് തിരുവോണം എന്ന വിലാസവുമാണെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയെങ്കിലും ഈ വിലാസത്തിൽ ഇങ്ങനെ ഒരു വ്യക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞു. ഇയാൾ എവിടെയാണ് നിരീക്ഷണത്തിലിരിക്കുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന്‌ പരിശോധനക്കെത്തിയ വ്യക്തി വ്യാജപേരും മേൽവിലാസവുമാണ് നൽകിയതെന്നും ഈ വ്യക്തിയെ കണ്ടെത്തുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ വേണുഗോപാലൻ നായർ പോത്തൻകോട് പോലീസിൽ പരാതി നൽകി. പോലീസ്‌ അന്വേഷണത്തിൽ അത്‌ കെ എസ് യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്‌ണയുടെ അഡ്രസ്സ് ആണെന്ന്‌ കണ്ടെത്തി. അങ്ങനെയാണ്‌ കോവിഡ് പോസിറ്റീവായത് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനാണെന്ന് മനസിലായതായത്‌.