വിവിധ വർണ്ണങ്ങളിൽ ഹോൺ മുഴക്കി അവർ വീണ്ടും പായും: ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്നുള്ള ഉത്തരവ് ഹൈക്കോടതി അസാധുവാക്കി
കേരളത്തിലെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നല്‍കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി അസാധുവാക്കി. ഹൈക്കോടതി ജഡ്ജി സതീഷ് മേനോനാണ് കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചത്.സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം ചട്ടങ്ങള്‍ പാലിക്കാതെയാണെന്ന് കോണ്‍ട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വാദിച്ചു.
സിസിഒഎ സംസ്ഥാന സമിതിയും കാസര്‍കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കുഞ്ഞിയുമാണ് കോടതിയെ സമീപിച്ചത്. കേരളത്തില്‍ മാത്രം കളര്‍കോട് നടപ്പാക്കിയ നടപടി റദ്ദ് ചെയ്ത കോടതി വിധി സ്വാഗതം ചെയ്യുന്നതായി സിസിഒഎ സംസ്ഥാന പ്രസിഡന്റ് ബിനു ജോണ്‍, സംസ്ഥാന സെക്രട്ടറി എസ്.പ്രശാന്തന്‍, ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ.എ.ജെ റിയാസ് എന്നിവര്‍ അറിയിച്ചു.
സര്‍ക്കാരിന്റെ പുതിയ തീരുമാനം ബസുടമകള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. കോവിഡിനെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ അടക്കമുള്ളവ വലിയ നഷ്ടത്തിലാണുള്ളത്. അതിനിടയിലായിരുന്നു ഈ തീരുമാനവും കൂടി എത്തിയത്. അതേസമയം ഹൈക്കോടതി ഉത്തരവ് എത്തിയ ആശ്വാസത്തിലാണ് ഇപ്പോള്‍ ബസുടമകള്‍.