വി മുരളീധരന് എതിരെ രൂക്ഷ വിമർശനം; ഇടഞ്ഞ് ശോഭ സുരേന്ദ്രന്‍, ദേശീയ നേതൃത്വത്തിന് പരാതി

single-img
23 September 2020

ബിജെപിയുടെ പാര്‍ട്ടി പരിപാടികളില്‍നിന്നും താന്‍ മാറി നില്‍ക്കുകയാണെന്ന വാര്‍ത്തകള്‍ വി മുരളീധര പക്ഷത്തിന്റെ അറിവോടെയാണെന്ന രൂക്ഷ വിമർശനവുമായി ബിജെപി നേതാവും ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ ശോഭ സുരേന്ദ്രന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ശോഭ സുരേന്ദ്രന്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയെന്ന് പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്തു.

ബിജെപി പരിപാടികളിൽ നിന്നും ശോഭാ സുരേന്ദ്രൻ വിട്ടുനിൽക്കുകയാണെന്നും ചാനൽ ചർച്ചകളിൽ നിന്നും ഒഴിഞ്ഞുമാറുന്നെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ശോഭ സുരേന്ദ്രൻ ബിജെപി പരിപാടികളിൽ നിന്നു വിട്ടു നിൽക്കുന്നതു മനഃപൂർവമാണെന്നും ചാനല്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ നിറസാന്നിധ്യമായിരുന്ന ശോഭ സുരേന്ദ്രനെ കുറച്ചുനാളുകളായി സജീവമായി ഒരു പരിപാടികളിലും കാണാറില്ലെന്നുമായിരുന്നു ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഈ റിപോർട്ടുകൾ വി മുരളീധരന്റെ അറിവോടെ പുറത്തുവന്നതാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം

കെ സുരേന്ദ്രന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായതോടെയാണ് ശോഭാ സുരേന്ദ്രന്റെ സജീവ പങ്കാളിത്തം കുറഞ്ഞതെന്നാണ് വിലയിരുത്തല്‍. അതേസമയം, പാര്‍ട്ടി വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ശോഭാ സുരേന്ദ്രനെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. ദേശീയ നിര്‍വ്വാഹക സമിതിയംഗമായ ശോഭ സുരേന്ദ്രനെ വൈസ് പ്രസിഡന്റാക്കി തരംതാഴ്ത്തി എന്ന വിലയിരുത്തലാണ് ഉള്ളത്. ഇക്കാര്യത്തിൽ ആര്‍എസ്എസിന് കടുത്ത അത്യപ്തിയുണ്ട്. പിഎസ് ശ്രീധരൻപിള്ള പാർട്ടി പ്രസിഡൻ്റ് പദവി ഒഴിഞ്ഞപ്പോൾ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ പദത്തിലേക്ക് ശോഭയുടെ പേരും പരിഗണിച്ചിരുന്നു.

കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനാക്കിയതിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന വാര്‍ത്തകളോട് അത് ശോഭാ സുരേന്ദ്രനോട് തന്നെ ചോദിക്കണം എന്നായിരുന്നു കെ സുരേന്ദ്രന്റെ മറുപടി. സംസ്ഥാന നേതൃത്വത്തില്‍ തുടരുന്ന ഭിന്നത അവസാനിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ശോഭാ സുരേന്ദ്രന് കേന്ദ്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്ഥാനം നല്‍കി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.