ഭാമയെ ട്രോളി യൂദാസിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് എൻ എസ് മാധവൻ


നടിയെ ആക്രമിച്ച കേസില്‍ നടി ഭാമയും സിദ്ദീഖും കൂറുമാറിയതില്‍ പ്രതികരിച്ച് എഴുത്തുകാരന് എന്‍.എസ് മാധവന്. യൂദാസിന്റെ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ഈ പടത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം എന്നാണ് എന്‍.എസ് മാധവന് കുറിച്ചത്. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിന്റെ പടം പങ്കുവെച്ചായിരുന്നു എൻ എസ് മാധവന്റെ പ്രതികരണം. ചിത്രത്തിന് ഭാമയുമായുള്ള സാദൃശ്യം യാദൃശ്ചികം മാത്രം എന്നായിരുന്നു എഴുതിയത്.
കഴിഞ്ഞ ദിവസം സംഭവത്തില്‍ നടി രേവതിയടക്കമുള്ളവര്‍ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. സിനിമയിലെ സ്വന്തം സഹപ്രവര്‍ത്തകരെ വിശ്വസിക്കാൻ കഴിയാത്തതില്‍ വിഷമമുണ്ട്. ഒരുപാട് കാലം ജോലി ചെയ്തു. വളരെയധികം പ്രൊജക്റ്റുകള്‍. എന്നിട്ടും ഒരു സ്ത്രീക്ക് പ്രശ്നം വരുമ്പോള്‍ എല്ലാവരും പിന്നോട്ടുപോകുന്നത് എന്തുകൊണ്ട്. സൗഹൃദത്തിന്റെയും ഒപ്പം ജോലി ചെയ്തതിന്റെയും ഓര്മകളില്ല.
2017ലെ നടി ആക്രമിക്കപ്പെട്ട കേസ്. ഇടവേള ബാബു, ബിന്ദു പണിക്കര്‍ എന്നിവര്‍ സ്വന്തം മൊഴികള്‍ കോടതിയില്‍ പിൻവലിച്ചു. അവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. ഇപ്പോള്‍ സിദ്ധിഖും ഭാമയും. സിദ്ധിഖ് എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് മനസിലാക്കാം. പക്ഷേ ഭാമ? സംഭവം നടന്നയുടനെ പൊലീസിനോട് പറഞ്ഞ കാര്യങ്ങള്‍ അവരും പിൻവലിക്കുന്നു.
ആക്രമണത്തെ അതിജീവിച്ചയാള്‍ ഒരു സ്ത്രീക്ക് ലഭിക്കേണ്ട നീതിക്കായി ദുഷ്കരമായ സമയങ്ങളിലൂടെ കടന്നുപോകുന്നു. എന്തുകൊണ്ടാണ് ആക്രമണത്തെ അതിജീവിച്ചവരുടെ ജീവിതത്തെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും ആരും ചിന്തിക്കാത്തത്. അവളോടൊപ്പം ഇപ്പോഴും കൂടെയുള്ള ആള്‍ക്കാരെ ഓര്‍മിപ്പിക്കാൻ എന്നായിരുന്നു രേവതിയുടെ പ്രതികരണം.