സമരങ്ങളിലും യോഗങ്ങളിലും പങ്കെടുത്ത പത്ത്‌ പ്രവർത്തകർക്ക്‌ കോവിഡ്‌: രോഗം മറച്ചുവയ്ക്കാൻ രഹസ്യ നിർദ്ദേശമുണ്ടായിരുന്നെന്ന് ആരോപണം

single-img
17 September 2020

തൃശൂരിൽ കോൺഗ്രസ്‌ സമരത്തിലും യോഗങ്ങളിലും പങ്കെടുത്ത പത്ത്‌ പ്രവർത്തകർക്ക്‌ കോവിഡ്‌. ഒല്ലൂർ ‐ മണ്ണുത്തി മേഖലകളിലെ പ്രവർത്തകരാണ് രോഗ ബാധിതരായി എത്തിയതെന്ന് ദേശാഭിമാനി റിപ്പോർട്ടു ചെയ്യുന്നു.  ഡിസിസി പ്രസിഡന്റിന്റെ  സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തവർക്കും രോഗം ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.   

സമ്പർക്കവിവരം മറച്ചുവയ്‌ക്കണമെന്നും പരിശോധന നടത്തരുതെന്നും ഡിസിസി രഹസ്യനിർദേശം നൽകി. മറച്ചുവയ്‌ക്കുന്നത്‌ സെക്കൻഡറി കോണ്ടാക്ട്‌ കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കുമെന്നാണ് വാർത്തയിലെ ആരോപണം. നേതാക്കളുൾപ്പെടെ നിരവധിപേരുമായി നേരിട്ട്‌ സമ്പർക്കം പുലർത്തിയ പ്രവർത്തകരാണിവർ‌‌. 

മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ട്‌ മണ്ണുത്തിയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് കഴിഞ്ഞദിവസം ‌ പ്രകടനവും പൊതുയോഗവും നടത്തി. മാസ്‌ക്‌പോലും ധരിക്കാതെ എഴുപതോളംപേർ പങ്കെടുത്തു. ഇതിൽ നാലുപേർക്ക്‌‌‌ കോവിഡ്‌ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇവരെ നാട്ടിക കോവിഡ്‌ പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്ക്‌ മാറ്റി. 

മരത്താക്കരയിലെ കോവിഡ്‌ ബാധിതനായ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ കഴിഞ്ഞദിവസം നടന്ന  കലക്ടറേറ്റ്‌ മാർച്ചിലും പങ്കെടുത്തു. എം പി വിൻസെന്റ്‌ ഡിസിസി പ്രസിഡന്റായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ  പങ്കെടുത്തവർക്കും രോഗം‌ സ്ഥിരീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.