ഒക്ടോബർ മുതൽ ടെലിവിഷന് വില കൂടും

single-img
14 September 2020

ടെലിവിഷനുകള്‍ക്ക് അടുത്തമാസത്തോടെ വിലഉയര്‍ന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ടിവി പാനലുകള്‍ക്ക് നല്‍കിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവിൻ്റെ കാലാവധി അവസാനിച്ചതിനാലാണ് വില ഉയരാൻ സാധ്യതയേറിയത്. രാജ്യത്ത് ടെലിവിഷന്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരക്കിളവ് തുടര്‍ന്നേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ പുറത്തു വരുന്നുണ്ട്. 

നിരക്കിളവിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്‌ അനുകൂല സമീപനമാണ് ഉള്ളതെന്നും സൂചനകളുണ്ട്. അതേസമയം  ഇക്കാര്യത്തില്‍ അന്തിമതീരുമാനം ധനമന്ത്രാലയമാകും എടുത്തേക്കുക. 

സാസംങ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഉത്പാദനം വിയറ്റ്‌നാമില്‍നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയിരുന്നു. ഇളവ് തുടര്‍ന്നില്ലെങ്കില്‍ വിലവര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍ജി, പാനസോണിക്, തോംസണ്‍, സാന്‍സുയി എന്നീ കമ്പനികള്‍ പറയുന്നത്. 32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന് നാലുശതമാനം വില അതായത് കുറഞ്ഞത് 600 രൂപ വര്‍ധിച്ചേക്കുമെന്നാണ് സൂചന. 

42 ഇഞ്ചിന് 1,500 രൂപവരെ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. പാനലുകള്‍ക്ക് 50 ശതാനത്തോളം വിലവര്‍ധനയുണ്ടായതും നിരക്ക് വര്‍ധനയ്ക്ക്‌ കാരണമായി കമ്പനികള്‍ പറയുന്നുണ്ട്.