എന്നെ ഓർത്ത് നിങ്ങൾ ആശങ്കപ്പേടേണ്ട: ‘സൈബർ സദാചാരസംരക്ഷകർ’ക്ക് മറുപടിയുമായി അനശ്വര രാജൻ
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിന് സദാചാരം പഠിപ്പിക്കാനെത്തിയവർക്ക് മറുപടിയുമായി നടി അനശ്വര രാജൻ.
“ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടുവിൻ.”
അനശ്വര ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെന്ന പേരിൽ തന്നെ വിമർശിച്ചവർക്ക് അതേ വസ്ത്രമണിഞ്ഞുള്ള മറ്റൊരു ചിത്രം പങ്കുവച്ചായിരുന്നു നടി മറുപടി പറഞ്ഞത്.
ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി അനശ്വര, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ‘സൈബർ സദാചാര സംരക്ഷകരെ’ പ്രകോപിപ്പിച്ചത്.
കഴിഞ്ഞദിവസമായിരുന്നു അനശ്വര തന്റെ 18ാം ജന്മദിനം ആഘോഷിച്ചത്. ‘പതിനെട്ട് വയസ്സാകാൻ കാത്തിരിക്കുയായിരുന്നു ഇറക്കം കുറഞ്ഞ വസ്ത്രമിടാൻ, നാണമില്ലെ ഈ വസ്ത്രം ധരിക്കാൻ?’ എന്ന തരത്തിലായിരുന്നു സ്വയം പ്രഖ്യാപിത സദാചാര സംരക്ഷകരുടെ ആക്രമണം.
അശ്ലീല കമന്റുകളും സദാചാര ആക്രണവും തുടരുമ്പോഴും അനശ്വരയ്ക്ക പിന്തുണയുമായി നിരവധി പേർ എത്തിയിരുന്നു. ഇഷ്ടമുള്ളത് ധരിക്കുകയും ഇഷ്ടമുള്ളത് പോലെ ജീവിക്കാനും അനശ്വരയ്ക്ക് അവകാശമുണ്ടെന്ന് പറയുകയും പിന്തിരിപ്പൻ സദാചാര കമന്റുകൾക്ക് മറുപടി പറയുകയും ചെയ്തുകൊണ്ടായിരുന്നു പിന്തുണ.