യുഎപിഎ ചുമത്തി ഇന്ത്യൻ ജയിലുകളിലുള്ള തടവുകാർക്കെല്ലാം ജാമ്യം നൽകണമെന്ന് എം എ ബേബി

single-img
9 September 2020

യുഎപിഎ ചുമത്തി ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന രാഷ്ട്രീയ തടവുകാർക്കെല്ലാം ജാമ്യം നൽകേണ്ടതാണ് എന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലൻ ഷുഹൈബിനും താഹ ഫസലിനും എൻഐഎ കോടതി ജാമ്യം അനുവദിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എം എ ബേബി ഫേസ് ബുക്കിൽ കുറിച്ചു.

വിദ്യാർത്ഥികളായിരുന്ന ഇവർ ഇരുവരുടെയും പേരിൽ പോലീസും എൻഐഎയും ഉയർത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവർ മറ്റ് എന്തെങ്കിലും നിയമവിരുദ്ധ ക്രിമിനൽ പ്രവർത്തനം നടത്തിതായി ആരോപണം ഇല്ല. രാഷ്ട്രീയ പ്രവർത്തകരെ യുഎപിഎ ചുമത്തി ജയിലിൽ അടയ്ക്കുന്നതിന് സിപിഐഎം എതിരാണ്. എം എ ബേബി വ്യക്തമാക്കി.

2019 നവംബർ ഒന്നിന്​ അറസ്​റ്റ്​ ചെയ്​ത ശേഷം ജയിലിൽ അടച്ച അലനും താഹക്കും കർശന ഉപാധികളോടെയാണ്​ എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചത്​. വിയ്യൂർ ജയിലിലാണ്​ ഇരുവരും കഴിഞ്ഞിരുന്നത്​. മാതാപിതാക്കളിൽ ഒരാളുടെ ജാമ്യത്തിലും ഒരു ലക്ഷം രൂപയുടെ ബോണ്ടും അടക്കമുള്ള ഉപാധികളോടെയാണ്​ ജാമ്യം.