ബെംഗളൂരു മയക്കുമരുന്ന് കേസ്; കാണ്ഡഹാർ നായികയ്ക്ക് പിന്നാലെ നടി സഞ്ജന ഗൽറാണിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

single-img
8 September 2020

ബെംഗളൂരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് സഞ്ജന ഗൽറാണിയെ അറസ്റ്റ് ചെയ്തു. വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് ഇവരെ അറസ്റ്റ് ചെയ്തത്. രാവിലെ വസതിയിൽ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.

ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നൽകിയിരുന്നത്. എന്നാൽ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. തുടർന്നായിരുന്നു റെയ്‌ഡ്. വീട്ടിൽ നിന്ന് ലാപ്ടോപ്പുകളും സ്മാർട്ട്ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഒട്ടേറെ മലയാള സിനിമകളിൽ നായികയായ നിക്കി ഗൽറാണിയുടെ സഹോദരിയാണു സഞ്ജന.

കഴിഞ്ഞ ദിവസം അറസ്റ്റിലായ വ്യവസായി രാഹുല്‍ ഷെട്ടിയുമായി സഞ്ജന, നടി രാഗിണി ദ്വിവേദി എന്നിവർക്ക് ബന്ധമുണ്ടെന്ന് അന്വേഷണം സംഘം വ്യക്തമാക്കിയിരുന്നു. രാഹുൽ ഷെട്ടിക്കൊപ്പം സഞ്ജന നിശാപാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിരുന്നു.

കന്നഡ സിനിമാ ലഹരി മാഫിയയുമായി നടിക്ക് അടുത്ത ബന്ധമുണ്ടെന്ന് വാർത്തകൾ പ്രചരിക്കുന്നതിനു പിന്നാലെയാണ് താരത്തിന്റെ വസതിയിൽ റെയ്ഡ് നടന്നത്. അതേസമയം കേസിൽ നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. രാഗിണിയെ അഞ്ചുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിലെ ആറു പ്രതികളെ ജയിലിൽ ചോദ്യം ചെയ്യാൻ കസ്റ്റംസിന് അനുമതി ലഭിച്ചിരുന്നു.