ഒരു കുന്ന് മുഴുവൻ പൂര്‍ണ്ണമായി കത്തിക്കുന്ന ആചാരം; കാരണം ഇപ്പോഴും അജ്ഞാതം

single-img
7 September 2020

നമ്മുടെ അറിവില്‍ വിവിധ ലോക രാജ്യങ്ങളിലായി പലവിധ ആഘോഷങ്ങളും നടക്കാറുണ്ട്. മിക്കപ്പോഴും അതിന് പിന്നിൽ വ്യത്യസ്തമായ ആചാരങ്ങളും കാണും. ഇവിടെ ഇതാ, എല്ലാ വർഷവും ജനുവരിയിലെ നാലാം ശനിയാഴ്ച ജപ്പാനിൽ നടക്കുന്ന ഒരു ആഘോഷം കൌതുകം പകരുന്നതാണ്.

കാരണം ആഘോഷത്തിന്റെ ഭാഗമായി ഒരു കുന്ന് മുഴുവൻ കത്തിക്കുന്നതാണ് ഈ ആചാരം എന്നത് തന്നെ .
ഇവര്‍ എല്ലാ വര്‍ഷവും ‘വാകകുസ’ എന്ന് പേരുള്ള കുന്നാണ് കത്തിക്കുന്നത്. ജപ്പാനീസ് ഭാഷയിൽ പറയുമ്പോഴും വാകകുസ യാമയാകി അഥവാവാകകുസ കുന്ന് കത്തിക്കൽ എന്ന് തന്നെയാണ് ഈ ആഘോഷം അറിയപ്പെടുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ ഈ ആഘോഷത്തിനും ഇത്തരമൊരു ആചാരത്തിനും പിന്നിലുള്ള യഥാർത്ഥ കാരണം ഇപ്പോഴും അജ്ഞാതമാണ് എന്നതാണ് കൂടുതല്‍ രസകരം.

ഈ കുന്നിൻ ചെരുവിലുള്ള രണ്ട് ക്ഷേത്രങ്ങളുടെ അതിർത്തിയുമായി ബന്ധപ്പെട്ട തർക്കത്തിന് ശേഷമാണ് ഈ രീതിയില്‍ ഒരു ആചാരം തുടങ്ങിയതെന്ന് ഒരു വിഭാഗം വിശ്വാസികൾ അവകാശപ്പെടുന്നുണ്ട്. ജപ്പാനിലുള്ള നാര എന്ന പ്രദേശത്തുള്ള പ്രസിദ്ധങ്ങളായ ടോഡായ് ജി, കോഫുകു ജി എന്നീ ക്ഷേത്രങ്ങളാണിത്.

ക്ഷേത്രങ്ങള്‍ തമ്മിലുള്ള അതിർത്തി തർക്കം മുറുകിയതോടെ കുന്ന് മുഴുവൻ കത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഈ തർക്കം എങ്ങനെയാണ് അവസാനിച്ചതെന്ന് ഇന്നും വ്യക്തമല്ല. ഏകദേശം18ാം നൂറ്റാണ്ടിലാണ് ഈ സംഭവം ഉണ്ടായത്. അതേസമയം സമൂഹത്തില്‍ പകർച്ച വ്യാധികൾ പടരാതിരിക്കാനും മറ്റും വേണ്ടിയാണ് കുന്ന് കത്തിക്കുന്നതെന്ന് മറ്റൊരുവിഭാഗം പറയുന്നു.

അഗ്നിയിലൂടെ കീടങ്ങളെ ഇല്ലാതാക്കാനും കാട്ടുപന്നികളെ തുരത്തുന്നതിനുമുള്ള ഒരു മാർഗമാണ് ഇതെന്നും ഒരു വാദമുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് അവിടെ ആഘോഷ പരിപാടികൾ തുടങ്ങുന്നത്. സന്ധ്യയ്ക്ക് ശേഷം ഇരുട്ട് വീണുതുടങ്ങുമ്പോൾ, അടുത്തുള്ള കസുഗ തായ്‌ഷാ ദേവാലയത്തിലെ സന്യാസിമാർ തീ പന്തങ്ങൾ കത്തിച്ച്, നിവാസികളുമായി ചേർന്ന് ഒരു ഘോഷയാത്രയായി കത്തിക്കേണ്ട കുന്നിന്റെ താഴെ എത്തുന്നു.

അതിന് ശേഷം കോഫുകു-ജി, തോഡായ്-ജി ക്ഷേത്രങ്ങളിൽ നിന്നുള്ള സന്യാസിമാർ ഒരുമിച്ചുചേര്‍ന്നുകൊണ്ട് പുല്ലിന് തീയിടുന്നു.ഇവര്‍ കുന്നിലേക്ക് പടക്കം എറിഞ്ഞ് കൊണ്ടാണ് ആദ്യം ആഘോഷം തുടങ്ങുന്നത്. ഇത് അവസാനം വലിയ വെടിക്കെട്ടിൽ കലാശിക്കും. ഏറ്റവും അവസാനം താഴെ നിന്ന് കുന്ന് കത്തിക്കും.

ഓരോ വര്‍ഷവും അപ്പോഴുള്ള കാലാവസ്ഥയുടെയും മറ്റും സാഹചര്യം അനുസരിച്ച് ഏകദേശം മുപ്പത് മിനിറ്റ് മുതൽ ഒരു മണിക്കൂർ നേരം വരെ സമയമെടുത്ത് കുന്ന് പൂർണമായും കത്തിത്തീരും. പതിനായിരക്കണക്കിന് കാണികളാണ് ഇത് കാണാനായി മാത്രം വകകുസ കുന്നിന്റെ താഴെ ഓരോ വര്‍ഷവും ഒത്തുകൂടുന്നത്.

അപകടം ഒഴിവാക്കാന്‍ ആളുകൾ തീയുടെ അടുത്തേയ്ക്ക് പോകുന്നത് തടയാനായി എല്ലായിടത്തും പ്രത്യേകം അതിർവരമ്പുകൾ തീർത്തിട്ടുണ്ട്. അതേസമയം എന്തെങ്കിലും അപകടം സംഭവിച്ചാൽ രക്ഷയ്ക്കായി സര്‍ക്കാരിന്റെനൂറുകണക്കിന് സന്നദ്ധ അഗ്നിശമനാസേനാംഗങ്ങളും അവിടെയുണ്ടാകും.