കരയുമ്പോഴും ചിരിക്കും; അറിയപ്പെടുന്നത് ലോകത്തെ ഏറ്റവും സന്തോഷമുള്ള ജീവി എന്ന പേരില്‍

single-img
3 September 2020

നിങ്ങൾ കൊച്ചുകുട്ടികളുടെ നിഷ്കളങ്കമായ പുഞ്ചിരി ഇഷ്ടപ്പെടുന്ന ഒരാളാണോ, എങ്കില്‍ തീര്‍ച്ചയായും കുട്ടിത്തം തുളുമ്പുന്ന കുഞ്ഞുങ്ങളെ പോലെ ചിരിക്കുന്ന ‘ക്വോക്ക’ എന്ന ജീവിയെയും ഇഷ്ടപ്പെടും. ഈ ചിരിമൂലം ലോകത്തെ ഏറ്റവും സന്തോഷമുള്ള ജീവി എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത് തന്നെ.

ഈ ഭൂമുഖത്ത് പടിഞ്ഞാറൻ ഓസ്ട്രേലിയൻ തീരത്തുള്ള തീരെ ചെറിയ ഒരു ദ്വീപായ റോട്ട്നെസ്റ്റ് ദ്വീപിലാണ് ക്വോക്കകൾ ധാരാളമായി കാണപ്പെടുന്നത്. സാധാരണ പൂച്ചയുടെ വലിപ്പമുള്ള ഒരു മാക്രോപോഡാണ് ശരിക്കും ക്വോക്ക. മാക്രോപോഡ് കുടുംബത്തില്‍ ഉള്‍പ്പെട്ടെ മറ്റ് ജീവികളായ കംഗാരുവിനെയും വാലാബിയെയും പോലെ ക്വോക്കയും ഒരു പൂര്‍ണ്ണ സസ്യഭുക്കാണ്, മാത്രമല്ല, കുഞ്ഞുങ്ങളെ കൊണ്ട് നടക്കാൻ കംഗാരുവിന് ഉള്ളതുപോലെ ഒരു സഞ്ചിയും ഉണ്ട്.

ഇവ രാത്രി കാലങ്ങളിലാണ് സാധാരണയായി പുറത്തിറങ്ങാറുള്ളത്. ഏകദേശം രണ്ടര മുതൽ അഞ്ച് കിലോഗ്രാം വരെ ഭാരവും, 40 മുതൽ 54 സെന്റീമീറ്റർ വരെ നീളവും ക്വോക്കയ്ക്ക് ഉണ്ടാകാറുണ്ട്. ഇവയുടെ കുട്ടി ഒറ്റ നോട്ടത്തില്‍ കംഗാരുവിനെ പോലെ തന്നെ ഇരിക്കുമെങ്കിലും ഇത് ചെറിയ മരങ്ങളിലും കുറ്റിച്ചെടികളിലും കയറുകയും ചെയ്യും.

ഇവയുടെ ആയുസ്സ് ശരാശരി പത്ത് വര്‍ഷമാണ്‌. മനുഷ്യരെ കാണുമ്പോള്‍ വലിയ ഭയമൊന്നും ഇല്ല ക്വോക്കയ്ക്ക്.
ഇതുകൊണ്ടുതന്നെ റോട്ട്നെസ്റ്റ് ദ്വീപിൽ ഒരുപാട് വിനോദ സഞ്ചാരികൾ ഇതിന്റെ കൂടെ നിന്ന് സെൽഫി എടുക്കാനായി മാത്രം എത്താറുണ്ട്.

അറിയപ്പെടുന്നത് ഭൂമിയിലെ ഏറ്റവും സന്തോഷമുള്ള ജീവി എന്നൊക്കെയാണ് എന്നത് ശരിതന്നെ. ഈ ധാരണയുമായി ഇവയെ പ്രകോപിപ്പിച്ചാൽ നല്ല കടി കിട്ടും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. വിനോദ സഞ്ചാരികള്‍ക്ക് ക്വോക്ക ഒരു കൌതുകമാണ് എങ്കിലും മനുഷ്യർ കഴിക്കുന്ന ഭക്ഷണം ഇവയ്ക്ക് സാധാരണയായി കൊടുക്കാറില്ല.

വളരെയധികം പ്രസിദ്ധമായ ക്വോക്കയുടെ മനോഹരമായ ചിരിക്ക് കാരണം അതിന്റെ മുഖമാണ്. അതായത് സന്തോഷം വന്നിട്ടല്ല ക്വോക്ക ചിരിക്കുന്നത് എന്ന് തന്നെ. പിന്നെയോ, അതിന്റെ വായുടെ രൂപം തന്നെ ചിരിച്ചത് പോലെയാണ്.