ഫേസ്ബുക്ക് ഇന്ത്യയുടെ പോളിസി ഡയറക്ടറെ ഡൽഹി നിയമസഭാ സമിതി വിളിച്ചു വരുത്തും
ഫേസ്ബുക്ക്- ബിജെപി ബന്ധമെന്ന ആരോപണം ചൂടുപിടിക്കുന്നു. ഇതിനെത്തുടർന്ന് ഫേസ്ബുക്ക് ഇന്ത്യയുടെ പോളിസി ഡയറക്ടർ അംഖി ദാസിനെ ഡൽഹി നിയമസഭാ സമിതി വിളിച്ചു വരുത്തും. ഡൽഹി കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ഫേസ്ബുക്ക് വേദിയായെന്ന പരാതിയിലാണ് നടപടി.
ഇന്ത്യൻ വിപണിയിൽ കണ്ണുവച്ച് ഫേസ്ബുക്ക് ബിജെപി നേതാക്കളുടെ വിദ്വേഷ, വർഗീയ പ്രചാരണങ്ങൾക്ക് തടയിട്ടില്ലെന്ന് വാൾസ്ട്രീറ്റ് ജേർണൽ കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ ഫേസ്ബുക്കിനെതിരേ കൂടുതൽ ആരോപണവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു.
രാജ്യത്തെ മാധ്യമസ്ഥാപനങ്ങളിൽ പലർക്കും ഫേസ്ബുക്ക് ഫണ്ടിംഗ് നൽകിയിട്ടുണ്ടെന്നും ഏതൊക്കെ സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകിയെന്ന് വെളിപ്പെടുത്താൻ ഫേസ്ബുക്ക് തയാറാകണമെന്നും കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി ഇന്ന് ആവശ്യപ്പെട്ടതും വിവാദമായിരുന്നു.