കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയിൽ തൊഴില്‍ നഷ്ടമായത് 41 ലക്ഷം യുവാക്കൾക്ക്

single-img
18 August 2020

കോവിഡ് വൈറസ് വ്യാപനവും തുടര്‍ന്നുള്ള ലോക്ക് ഡൌണ്‍ പ്രതിസന്ധിയും കാരണം ഇന്ത്യയിൽ 41 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടമായതായി ഐ എൽ ഒ – എഡിബിയുടെ റിപ്പോർട്ട്. പ്രധാനമായും നിർമ്മാണമേഖലയിലും കാർഷികമേഖലയിലുമാണ് കൂടുതൽ ആളുകള്‍ക്കും തൊഴിൽനഷ്ടമുണ്ടായിരിക്കുന്നത്.

ഇന്ത്യയെ അപേക്ഷിച്ച് ഏഷ്യ, ഏഷ്യാ-പസിഫിക് മേഖലകളിൽ വലിയതോതിലുള്ള തൊഴിൽ നഷ്ടമാണ് കോവിഡ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ 660 മില്യൺ യുവാക്കളുടെ തൊഴിൽ നഷ്ടമാക്കുന്ന രീതിയിലാണ് ഇപ്പോഴുള്ള സാഹചര്യം. ഇത്തരത്തിലുള്ള പ്രതികൂല സാഹചര്യം മറികടക്കാൻ രാജ്യങ്ങളിലെ ഗവൺമെന്റുകൾ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഐഎൽഒ – എഡിബിയുടെ റിപ്പോർട്ട് ആവശ്യപ്പെടുന്നു.

2020ല്‍ തന്നെ ഏഷ്യ, പസിഫിക് മേഖലകളിലെ പതിമൂന്ന് രാജ്യങ്ങളിലായി ഒന്നിനും ഒന്നരക്കോടിക്കും ഇടയിൽ പേർക്ക് ഈ വർഷം തൊഴിൽ നഷ്ടമായേക്കാമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഏത് പ്രതിസന്ധിയിലും പിടിച്ചുനിന്നിരുന്ന മൊത്ത, ചില്ലറ വ്യാപാരങ്ങൾ, ഫുഡ് സർവീസ് മേഖലകളിലെല്ലാം വലിയ പ്രതിസന്ധിയാണുണ്ടായതാണ് യുവാക്കൾക്ക് വലിയ തോതിൽ തൊഴിൽനഷ്ടമാകാൻ കാരണം.

എന്നാല്‍, കോവിഡിന് മുന്‍പ് തന്നെ ഏഷ്യയിലെ തൊഴിൽനഷ്ടവും തൊഴിൽ പ്രതിസന്ധിയും രൂക്ഷമായതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. പല രാജ്യങ്ങളിലെ തൊഴിലില്ലായ്മ കണക്കുകളെ അടിസ്ഥാനമാക്കിയാണ്റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.