കാസര്‍കോട്ടെ പതിനാറുകാരിയുടെ കൊലപാതകം; പ്രതിയായ സഹോദരനെ കുടുക്കിയത് അതിബുദ്ധി

single-img
13 August 2020

കാസർകോട് ജില്ലയിലെ ബളാലിൽ പതിനാറുകാരിയെ ഐസ് ക്രീമില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ സഹോദരൻ ആൽബിൻ നേരത്തെയും കുടുംബത്തെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ആൽബിന്‍ നടത്തിയത് ആസൂത്രിത ശ്രമം ആയിരുന്നു എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.

വീട്ടില്‍ ഉണ്ടാക്കിയ കോഴിക്കറിയിൽ വിഷം കലർത്തിയായിരുന്നു ആദ്യകൊലപാതക ശ്രമം. പക്ഷെ വിഷത്തിന്‍റെ അളവ് കുറവായതിനാൽ ആ ശ്രമം പാളിപോകുകയായിരുന്നു. ആദ്യ ശ്രമം വിജയിക്കാതിരുന്നതിനാല്‍ വെബ് സൈറ്റുകളിൽ വിഷങ്ങളെക്കുറിച്ച് വിവരങ്ങൾ അന്വേഷിച്ച് പഠിച്ച ശേഷമാണ് ഇപ്പോള്‍ എലിവിഷമുപയോഗിച്ച് കൊലപാതകം നടത്തിയത്.

കൊലയ്ക്ക് ശേഷം വിഷം കലര്‍ത്തിയ ഐസ്ക്രീം കഴിച്ച് മരിച്ച അനിയത്തിയുടെ മരണാനന്തര ചടങ്ങിലും ആൽബിൽ പങ്കെടുക്കുകയുണ്ടായി. അതിന് ശേഷം ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛനെ ആശുപത്രിയിലും സന്ദർശിച്ചു. മരണം അന്വേഷിക്കുന്ന പോലീസിന് തന്നിൽ സംശയമുണ്ടാകാതിരിക്കാനുള്ള എല്ലാ ശ്രമവും ആൽബിൻ തുടക്കം മുതല്‍ തന്നെ നടത്തിയിരുന്നു.

കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്തി സ്വത്ത് മുഴുവൻ തട്ടിയെടുക്കാനും കൂടിയാണ് ആൽബിൻ ശ്രമിച്ചതെന്നും പോലീസ് വ്യക്തമാക്കി.കുടുംബത്തിന്റെ നാലേക്കർ കൃഷിയിടം സ്വന്തമാക്കി നാടുവിടാൻ പദ്ധതിയും പ്രതിക്ക് ഉണ്ടായിരുന്നു.പക്ഷെ കുടുംബത്തിലെ മറ്റ് മൂന്നുപേര്‍ക്കും ഭക്ഷ്യവിഷബാധമേറ്റെങ്കിലും ആൽബിന്മാത്രം പ്രശ്മങ്ങളൊന്നുമില്ലാതിരുന്നതാണ് പോലീസിനും ഡോക്ടര്‍മാര്‍ക്കും സംശയമുണ്ടാക്കിയത്.

ശക്തമായ ഛര്‍ദ്ദിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്നാണ് മരിച്ച ആനിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെവെച്ച് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും സ്ഥിതി ഗുരുതരമാകുകയുമായിരുന്നു.

തുടര്‍ന്ന് ആഗസ്റ്റ് അഞ്ചിന് പെൺകുട്ടി മരിച്ചു. അതിന് പിന്നാലെ ആഗസ്റ്റ് ആറിന് അച്ഛനും പിന്നീട് അമ്മയ്ക്കും ഛര്‍ദ്ദിയും ദേഹാസ്വാസ്ത്യവും അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.

തുടര്‍ന്ന് നടന്ന പരിശോധനയില്‍ മൂവരും കഴിച്ച ഐസ്ക്രീമിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ സഹോദരന് ആൽബിനും തനിക്കും ഭക്ഷ്യവിഷബാധയേറ്റതായി പറഞ്ഞെങ്കിലും പക്ഷെ മെഡിക്കൽ പരിശോധനയിൽ ഇയാള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇത് കേസിൽ നിര്‍ണായകമാകുകയായിരുന്നു.

ഒരേ ഭക്ഷണം കഴിച്ചതില്‍ കുടുംബത്തിലെ ഒരാള്‍ക്ക് മാത്രം ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല എന്നത് ഡോക്ടര്‍മാരിൽ സംശയത്തിന് ഇടനല്‍കി. ഇതിനെ തുടര്‍ന്ന് പോലീസ് ആൽബിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.

നിലവില്‍ കുട്ടിയുടെ അച്ഛനും അമ്മയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതില്‍ പിതാവായ ബെന്നിയുടെ നില അതീവഗുരുതരമാണ്. പ്രതിയുടെ രഹസ്യ ബന്ധങ്ങൾ തുടരുന്നതിന് കുടുംബം തടസമെന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. പ്രതിയായ ആൽബിനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.