പണം എടുത്താലും ബാലൻസ് കുറയാത്ത സോഫ്റ്റ് വെയർ മാജിക്; ബിജുലാൽ പണം തട്ടിയെടുത്ത വഴികൾ

single-img
3 August 2020

വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും പണം തട്ടിയെടുത്ത ബിജുലാൽ മാസങ്ങളായി തട്ടിപ്പ് തുടരുന്നുവെന്ന് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ജൂലൈ 30-ന് നടത്തിയ ഓഡിറ്റിനിടയിലാണ് 27-ആം തീയതി രണ്ടുകോടി രൂപ മാറ്റിയത് കണ്ടെത്തിയത്. ട്രഷറി അക്കൌണ്ട് നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിലെ തകരാറാണ് ബിജുലാൽ മുതലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.

പണം എടുത്താലും അക്കൌണ്ടിലെ ബാലൻസ് കുറയാത്ത സോഫ്റ്റ്വെയർ

ട്രഷറി അക്കൌണ്ടിന്റെ ഓൺലൈൻ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയർ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ നിർമ്മിച്ചതാണ്. ഈ സോഫ്റ്റ്വെയറിലെ തകരാറുകളാണ് ബിജുലാൽ ഉപയോഗപ്പെടുത്തിയത്. ഒരാളുടെ അക്കൌണ്ടിൽ നിന്നും ബാലൻസില്ലാതെ തന്നെ ഓൺലൈൻ ആയി പണം മറ്റ് അക്കൌണ്ടിലേയ്ക്ക് മാറ്റാമെന്നും അപ്പോൾ ആദ്യത്തെ അക്കൌണ്ടിൽ നെഗറ്റിവ് ബാലൻസ് കാണിക്കുമെന്നും യാദൃശ്ചികമായി കണ്ടെത്തിയതാണ് ബിജുലാലിന് വഴിത്തിരിവായത്.

കളക്ടറുടെ അക്കൌണ്ടിൽ നിന്നും തന്റെ അക്കൌണ്ടിലേയ്ക്ക് പണം മാറ്റിയ ശേഷം ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്താൽ രണ്ട് അക്കൌണ്ടിലും ബാലൻസ് ഉണ്ടാകുമെന്ന സോഫ്റ്റ്വെയർ തകരാറാണ് ബിജുലാൽ ഉപയോഗപ്പെടുത്തിയത്. ഈ ട്രാൻസാക്ഷൻ സാധുവാകണമെങ്കിൽ പാസിംഗ് ഓഫീസറായ ട്രഷറി ഓഫീസറുടെ അക്കൌണ്ടിൽ നിന്നും അപ്രൂവൽ ലഭിക്കണം. വിരമിച്ച പഴയ ട്രഷറി ഓഫീസറുടെ അക്കൌണ്ടിന്റെ പാസ്വേഡ് ബിജുലാലിനറിയാമായിരുന്നു. ഇതുപയോഗിച്ചാണ് ഇയാൾ പണം മാറ്റിയതെന്നാണ് റിപ്പോർട്ട്.

ട്രാൻസാക്ഷൻ റദ്ദ് ചെയ്യുമ്പോൾ കളക്ടറുടെ അക്കൌണ്ടിലേയ്ക്ക് പണം തിരികെപ്പോകുകയും ബിജുലാലിന്റെ അക്കൌണ്ടിലെ ബാലൻസ് അതുപോലെ നിൽക്കുകയും ചെയ്യുന്നതിനാൽ പ്രഥമദൃഷ്ട്യാ ആർക്കും പണം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് തോന്നുക. എന്നാൽ ബിജുലാൽ ഈ പണം തന്റെ ബാങ്ക് അക്കൌണ്ടിലേയ്ക്ക് മാറ്റുമ്പോൾ ഈ പണത്തിന്റെ ബാധ്യത ട്രഷറിയുടേതായി മാ‍റും.

കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഇയാൽ ഈ തട്ടിപ്പ് തുടരുകയായിരുന്നു. അവസാനം തട്ടിയെടുത്ത രണ്ടുകോടി രൂപ കൂടാതെ ഏതാണ്ട് അത്രയും തുക തന്നെ മുൻപ് ഇയാൾ തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് ട്രഷറി അധികൃതരും പൊലീസും കരുതുന്നത്. ഓൺലൈൻ റമ്മികളിക്കുന്നത് വിനോദമാക്കിയിരുന്ന ഇയാൾ ആവഴിയ്ക്ക് പണം ചെലവാക്കിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.