മാസ്ക് ധരിച്ചില്ല; റോഡിലൂടെ അലഞ്ഞുതിരിഞ്ഞ ആടിനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

single-img
27 July 2020

കൊവിഡ് കാലത്ത് മാസ്ക് ധരിക്കുക എന്നത് നിയമത്തിന്റെ അപ്പുറം സ്വയം സുരക്ഷയും കൂടിയാണ്. മനുഷ്യര്‍ക്ക് അപ്പുറം മൃഗങ്ങള്‍ക്കും ഇതൊരുനിയമമാണ് എന്ന് തെളിയിക്കുന്ന നടപടി ഉണ്ടായിര്‍ക്കുകയാണ് യുപിയില്‍. സംസ്ഥാനത്തെ കാന്‍പൂരില്‍ മാസ്‌ക് ഇടാതെ റോഡില്‍ അലഞ്ഞുതിരിഞ്ഞ ആടിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

നഗരത്തിലെ ബെക്കന്‍ഗഞ്ച് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. പോലീസുകാര്‍ ജീപ്പില്‍ ആടിനെ കയറ്റിക്കൊണ്ടുപോകുകയും ചെയ്തു. വിവരം അറിഞ്ഞ ആടിന്റെ ഉടമസ്ഥന്‍ സ്റ്റേഷനിലെത്തി. ആടിനെ വിട്ടുതരണമെന്ന് അപേക്ഷിച്ചു. അങ്ങിനെ ഒടുവില്‍ ആടിനെ വിടാമെന്ന് പോലീസ് സമ്മതിച്ചു എങ്കിലും ഇനി മാസ്‌കില്ലാതെ ആടിനെ റോഡില്‍ അലയാന്‍ വിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയാണ് ഉടമസ്ഥന് വിട്ടു നല്‍കിയത്.

മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും വരെ കൊവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അവയെ മാസ്‌ക് ധരിപ്പിക്കണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്. ഓരോ സ്ഥലത്തും ജനങ്ങള്‍ അവരുടെ വീട്ടിലെ നായ്ക്കളെ വരെ മാസ്‌ക് ധരിപ്പിക്കുന്നു. പിന്നെ നിങ്ങള്‍ക്ക് ആടിനെ മാസ്‌ക് ധരിപ്പിച്ചാല്‍ എന്താണെന്ന് സ്റ്റേഷനിലെ സിഐ ചോദിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.