കോവിഡ് മാസ്‌ക് നിര്‍മ്മാണത്തിനായി ചൈനീസ് കമ്പനികൾ ഉപയോഗിക്കുന്നത് ഉയിഗൂര്‍ മുസ്ലീങ്ങളെ; റിപ്പോർട്ടുമായി ന്യൂയോര്‍ക്ക് ടൈംസ്‌

single-img
20 July 2020

ചൈനയില്‍ കമ്പനികള്‍ മാസ്‌ക് നിര്‍മ്മാണത്തിനായി ഉയിഗൂര്‍ മുസ്ലീങ്ങളെ ഉപയോഗിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ തന്നെ ജനങ്ങള്‍ക്ക് ഉപയോഗിക്കാനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റിയയക്കാനുമാണ് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ വന്‍തോതില്‍ മാസ്‌ക് നിര്‍മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനീസ് സര്‍ക്കാറാണ് കമ്പനികള്‍ക്ക് ഉയിഗൂര്‍ മുസ്ലീങ്ങളെ ഇത്തരത്തില്‍ തൊഴിലെടുക്കാനായി വിട്ടു നല്‍കുന്നത്.

അതേസമയം ഉയിഗൂര്‍ മുസ്ലീങ്ങളെ നിര്‍ബന്ധപൂര്‍വ്വമാണ് തൊഴില്‍ എടുപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയിലുള്ള ഷിന്‍ജിയാങ് പ്രവിശ്യയിലാണ് ഉയിഗൂര്‍ മുസ്ലീങ്ങള്‍ ജീവിക്കുന്നത്. ഇവിടെ ഇവര്‍ക്കെതിരെ ചൈനീസ് ഭരണകൂടം കര്‍ശന നടപടികള്‍ അടിച്ചേല്‍പ്പിക്കുന്നതായി വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.ധാരാളം മനുഷ്യാവകാശ സംഘടനകളും ചൈനക്കെതിരെ രംഗത്തെത്തിയിരുന്നു.

ചൈനയില്‍ കൊവിഡ് വ്യാപനത്തിന് മുമ്പ് നാല് കമ്പനികള്‍ മാത്രമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള മാസ്‌കും പിപിഇ കിറ്റുകളും മറ്റും നിര്‍മിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ 51 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ഇവയില്‍ പല കമ്പനികളിലും ഉയിഗൂര്‍ മുസ്ലീങ്ങളെ നിര്‍ബന്ധിത തൊഴില്‍ എടുപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ഹുബെയ് പ്രവിശ്യയിലെ ഫാക്ടറിയില്‍ മാത്രം 100ലേറെ ഉയിഗൂര്‍ മുസ്ലീങ്ങളെ തൊഴിലെടുപ്പിക്കുന്നുണ്ടെന്നും ഇവര്‍ക്ക് ചൈനീസ് ഭാഷയായ മാന്‍ഡരിന്‍ നിര്‍ബന്ധമാക്കിയെന്നും എല്ലാ ആഴ്ചയിലും നടക്കുന്ന പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുക്കണമെന്നും അറിയാന്‍ സാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.