കേരളത്തിൽ രോഗം അതിവേഗം പടരുന്നു: കൂടുതൽ ക്ലസ്റ്ററുകൾ രൂപപപ്പെടാൻ സാധ്യത

single-img
14 July 2020

ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഈ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണെന്നും ആരോഗ്യ വകുപ്പ് പറയുന്നു. ഇതുവരെ സംസ്ഥാനത്ത് 51 ക്ലസ്റ്ററുകള്‍ രൂപപ്പെട്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കോവിഡ് അതിവ്യാപന ഘട്ടത്തില്‍ നാലു ജില്ലകളില്‍ അതീവജാഗ്രത പുലര്‍ത്താനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. തിരുവനന്തപുരം പൂന്തുറ, മലപ്പുറം പൊന്നാനി എന്നിവ മാത്രമാണ് വലിയ ക്ലസ്റ്ററുകള്‍. ഇവിടങ്ങളില്‍ സമ്പര്‍ക്കത്തിലൂടെ അമ്പതിലധികം പേര്‍ക്ക് രോഗപ്പകര്‍ച്ചയുണ്ടായി. 15 ക്ലസ്റ്ററുകളില്‍ രോഗം നിയന്ത്രണ വിധേയമാണ് എന്നും ആരോഗ്യവകുപ്പിന്റെ കോവിഡ് ക്ലസ്റ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരത്ത് പൂന്തുറ, ആറ്റുകാല്‍, പുത്തന്‍പള്ളി, മണക്കാട്, മുട്ടത്തറ, പാളയം എന്നിവിടങ്ങളിലായി ആറ് ക്ലസ്റ്റര്‍ രൂപപ്പെട്ടു. കൊല്ലത്ത് 11, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാലുവീതം, മലപ്പുറത്ത് മൂന്ന്, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ജില്ലകളില്‍ രണ്ടുവീതം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഒന്നുവീതം ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. തൃശൂരില്‍  അഞ്ച് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടു.

ആശുപത്രി, ഓഫീസുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് രോഗപ്പകര്‍ച്ച. കോര്‍പറേഷന്‍ ഓഫീസ്, വെയര്‍ഹൗസ് എന്നിവിടങ്ങളില്‍ നിയന്ത്രണ നടപടി ഇപ്പോഴും തുടരുന്നു. തൃശൂര്‍ കെഎസ്ഇ ലിമിറ്റഡ് ഉള്‍പ്പെടെ സംസ്ഥാനത്ത്  നാലിടങ്ങളില്‍ തിങ്കളാഴ്ച പുതിയ ക്ലസ്റ്റര്‍ രൂപപ്പെട്ടു. തിരുവനന്തപുരം മലപ്പുറം ജില്ലകളിലെ ക്ലസ്റ്ററുകളില്‍ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചേക്കാമെന്നാണ് സൂചനകൾ.