കൊറോണയ്ക്കുള്ള മരുന്നാണെന്ന് പറഞ്ഞ് മദ്യം കുടിപ്പിച്ച ശേഷം ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു: യുപിയിൽ ആൾദൈവം പിടിയിൽ
ലക്നൌ: കൊറോണ രോഗത്തിനുള്ള മരുന്നാണെന്ന് പറഞ്ഞ് മദ്യം കുടിപ്പിച്ച് ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ആൾദൈവം അറസ്റ്റിൽ. മുസാഫർ നഗറിലെ ഗോദിയാ ആശ്രമാധിപനായ ഭക്തി ഭൂഷൺ ഗോവിന്ദ് മഹാരാജ് ആണ് ആശ്രമത്തിലെ അന്തേവാസികളായ പത്തോളം ആൺകുട്ടികൾക്ക് നേരേ വർഷങ്ങളായി ലൈംഗികാതിക്രമം നടത്തിവന്നിരുന്നത്.
ത്രിപുര, മിസോറാം തുടങ്ങിയ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാഭ്യാസത്തിനായി എത്തിയ ആൺകുട്ടികളെയാണ് ഇയാൾ വർഷങ്ങളായി പീഡിപ്പിച്ച് വന്നിരുന്നത്. എല്ലാ ദിവസവും മദ്യം കുടിപ്പിച്ച ശേഷം അശ്ലീല ചിത്രങ്ങൾ കാണിക്കുകയും അതിന് ശേഷം തങ്ങളെ ലംഗിക പീഡനത്തിന് വിധേയ്രാക്കുകയും ചെയ്യുമായിരുന്നുവെന്ന് കുട്ടികൾ പൊലീസിൽ മൊഴിനൽകി.
“മഹാരാജ് , ഞങ്ങളെ കൊറോണ വൈറസ് മരുന്ന് കുടിപ്പിക്കും. എന്നിട്ട് അയാൾ നഗ്നനായി നിലത്ത് കിടന്ന് ഞങ്ങളെ അശ്ലീല ചിത്രങ്ങൾ കാണിക്കും. എന്നിട്ട് ഞങ്ങളോട് ചീത്ത കാര്യങ്ങൾ ചെയ്യും.”
മിസോറാമിൽ നിന്നുള്ള 10 വയസുകാരനായ ഒരു ആൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു.
ഇതിന് മടികാണിച്ചാൽ ഇയാൾ കുട്ടികളെ ക്രൂരമായി മർദ്ദിക്കുമായിരുന്നുവെന്നും കുട്ടികൾ നൽകിയ മൊഴിയിൽ പറയുന്നു. കുട്ടികളുടെ മെഡിക്കൽ പരിശോധന പൂർത്തിയായിട്ടുണ്ട്.
ആശ്രമാധിപനായ ആൾദൈവം ഭക്തി ഭൂഷൺ ഗോവിന്ദിന്റെയും ആശ്രമത്തിലെ പാചകക്കാരനും ഇയാളുടെ വലംകൈയ്യുമായ മോഹൻ ദാസിന്റെയും പേരിൽ പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.