യോഗി ആദിത്യനാഥിന്റെ എൻകൌണ്ടർ രാഷ്ട്രീയം

single-img
12 July 2020

ഉത്തർ പ്രദേശിൽ ഒരു ഡി എസ് പി അടക്കം 8 പൊലീസുകാരെ വെടിവെച്ചുകൊന്ന കൊടും കുറ്റവാളി വികാസ് ദൂബെയെ പൊലീസ് വെടിവെച്ച് കൊന്നതോടെ യോഗി ആദിത്യനാഥിന്റെ എൻകൌണ്ടർ രാഷ്ട്രീയം വീണ്ടും ദേശീയതലത്തിൽ ചർച്ചയാകുകയാണ്.

‘ആരെങ്കിലും കുറ്റകൃത്യം ചെയ്താല്‍, അവരെ വകവരുത്തിയിരിക്കും’ എന്നായിരുന്നു 2017 ല്‍ അധികാരത്തിലേറി ഒരു മാസത്തിനുള്ളില്‍ ഒരു ടിവി ഷോയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചത്. എന്നാൽ യോഗിയുടെ ഭരണത്തിൻകീഴിൽ ഈ ഔദ്യോഗിക വകവരുത്തലുകൾ തുടരുമ്പോഴും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്കിൽ ഒരു കുറവുമില്ലെന്നതാണ് വസ്തുത.

വികാസ് ദൂബെയുമായി പൊലീസിന്റെ യുദ്ധം നടക്കുന്ന ഈ കാലയളവിൽ അലഹബാദിലെ ഒരു കുടുംബത്തിലെ 4 പേർ കൊലചെയ്യപ്പെട്ടു. 19 വയസുള്ള ദളിത് പെൺകുട്ടിയെയും അവളുടെ പിതാവിനെയും ഠാക്കൂർ വിഭാഗത്തിൽപ്പെട്ട അക്രമി കൊലപ്പെടുത്തി. ഇത്തരത്തിൽ കുറ്റകൃത്യങ്ങളും സർക്കാർ തന്നെ നടത്തുന്ന എൻകൌണ്ടർ പൊറാട്ട് നാടകങ്ങളും സമാന്തരമായി പോകുന്ന ഒരു സംസ്ഥാനമാണ് ഉത്തർപ്രദേശ്.

2018-ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ മുന്നിട്ട് നിൽക്കുന്നത് ഉത്തർപ്രദേശാണ്. 59,445 കേസുകളാണ് ഈ വിഭാഗത്തിൽ ആ വർഷം സംസ്ഥാനത്ത് രേഖപ്പെടുത്തപ്പെട്ടത്. 2017-ലേക്കാൾ 7 ശതമാനം വർദ്ധനവ്. 4323 കേസുകളുമായി ബലാത്സംഗങ്ങളുടെ കാര്യത്തിൽ യുപി രണ്ടാമതാണ്. കൂട്ടബലാത്സംഗങ്ങളുടെ കാര്യത്തിൽ ഒന്നാമതാണ് യുപി.

യോഗി ആദിത്യനാഥ് അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് പൊലീസ് നടത്തിയത് അയ്യായിരത്തിലധികം എൻകൌണ്ടറുകളാണ്. ഇതിലെല്ലാം കൂടി നൂറിലധികം പേരെയാണ് പൊലീസ് കൊലപ്പെടുത്തിയത്. 1859 പേർക്കാണ് പൊലീസ് വെടിവെയ്പ്പിൽ പരിക്കേറ്റിട്ടുള്ളത്. ഇക്കാര്യം യുപി പൊലീസ് തന്നെ ഒരു ട്വീറ്റിൽ പൊങ്ങച്ചമായി പറഞ്ഞിട്ടുള്ളതാണ്.

എന്നാൽ ആളുകളെ വെടിവെച്ച് കൊന്ന് നിയമം നടപ്പാക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്ന നടപടിയല്ല. മാന്യമായ വിചാരണ ഏതൊരു കുറ്റവാളിയായ പൌരന്റെയും അവകാ‍ശമാണ്. മാത്രമല്ല യാതൊരു ചോദ്യം ചെയ്യലുകൾക്ക് വിധേയമാകാത്ത ഇത്തരം പൊലീസ് കൊലകൾ ഒടുവിൽ എന്തായി പരിണമിക്കുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകുന്നതേയുള്ളൂ.

ഉത്തർപ്രദേശിലെ കുറ്റവാളികളും അവിടുത്തെ രാഷ്ട്രീയവും കൂടിക്കുഴഞ്ഞ് കിടക്കുന്ന ഒന്നാണ്. ഓരോ പാർട്ടി ഭരിക്കുമ്പോഴും അവരുടെ സ്വന്തം ഗുണ്ടകളുടെ ഗുണ്ടാരാജിനുള്ള സൌകര്യം ചെയ്തുകൊടുക്കുന്നത് അവിടുത്തെ രീതിയാണ്. ഇത്തരം സാഹചര്യത്തിൽ ഒരു വിഭാഗത്തിന്റെ താൽപ്പര്യങ്ങൾ നടപ്പിലാക്കാനുള്ള ഭരണകൂട ആസൂത്രിത കൊലകളായിരിക്കും എൻകൌണ്ടർ എന്ന പേരിൽ നടക്കുന്നത്. കടുത്ത വർഗീയവാദിയായ യോഗിയുടെ ഭരണത്തിൻ കീഴിൽ നടക്കുന്ന ഇത്തരം ഭരണഘടനാവിരുദ്ധ കൊലപാതകങ്ങളിൽ ന്യൂനപക്ഷങ്ങളും പിന്നോക്കക്കാരും കൂടുതൽ ഇരകളാക്കപ്പെട്ടേക്കാം.

യോഗി ആദിത്യനാഥിന്റെ ഈ എൻകൌണ്ടർ രാഷ്ട്രീയത്തിലും നിയമവിരുദ്ധ കൊലപാതകങ്ങളിലും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കാര്യ ഹൈക്കമ്മീഷണറും ഈ സംഭവങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.