കൊവിഡ്: കാസര്‍കോട് ജില്ല കടന്നു പോകുന്നത് അതീവ ഗുരുതരാവസ്ഥയിലൂടെ; ജനങ്ങളുടെ സഹകരണം അനിവാര്യമെന്ന് ജില്ലാ കളക്ടര്‍

single-img
12 July 2020

കാസർകോട് ജില്ലയില്‍ ആദ്യമായി ഒരു ദിവസം 5 ല്‍ അധികം ആളുകളില്‍ കൊവിഡ് 19 കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് ജില്ല വളരെ ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. എന്ന് ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു അറിയിച്ചു. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സമ്പര്‍ക്ക രോഗികളില്‍ കൂടുതല്‍ പേരും വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്.

കോവിഡ് 19 സ്ഥിരീകരിച്ചവരില്‍ എട്ടുപേര്‍ രോഗ ഉറവിടം അറിയാത്തവരവായി ഉള്‍പ്പെട്ടിട്ടുള്ളതാണ്. ലോക് ഡൗണ്‍കാലത്ത് ജനങ്ങള്‍ പ്രകടിപ്പിച്ച ഉന്നത ഉത്തരവാദിത്വബോധം വീണ്ടും ആവശ്യം വരുന്ന സമയമാണ് ഇനിയുള്ള ദിവസങ്ങള്‍. കഴിഞ്ഞ മെയ് 27 മുതല്‍ 35 ദിവസം ഒരു സമ്പര്‍ക്ക രോഗി പോലും ഇല്ലാതെ ചരിത്രത്തിലിടം നേടിയ ജില്ലയാണ് നമ്മുടേത് എന്നും കളക്ടർ ഓർമ്മപ്പെടുത്തി .

ഈ നേട്ടം നമുക്കിനിയും കൈവരിക്കാന്‍ കഴിയും. അതിനായി എല്ലാവരുടെയും സഹകരണം അനിവാര്യമാണ്. അതിര്‍ത്തി വഴി കോവിഡ്19 ജാഗ്രത വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ കടന്നു വരുന്നവരെ കണ്ടെത്തുന്നതിനും അത്തരം തെറ്റായ കാര്യങ്ങള്‍ പ്രതിരോധിക്കുന്നതിനും ഉത്തരവാദിത്വപ്പെട്ടവര്‍ മുന്നിട്ടിറങ്ങേണ്ടതാണ്. അനാവശ്യ യാത്രകളും കൂട്ടം കൂടലും നിര്‍ബന്ധമായും ഒഴിവാക്കിയില്ലെങ്കില്‍ വീണ്ടും ജില്ല ലോക്ഡൗണിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് സ്ഥിതിഗതികള്‍ സൂചിപ്പിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്ന നിബന്ധനകള്‍ എല്ലാവരും പാലിക്കേണ്ടതാണ്. അനാവശ്യമായി പൊതുഇടങ്ങളില്‍ വരുന്നത് കര്‍ശനമായി ഒഴിവാക്കേണ്ടതും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി മാത്രം കടകള്‍ സന്ദര്‍ശിക്കേണ്ടതുമാണ്. 65 വയസ്സില്‍ കൂടുതലുള്ളവരും പത്തു വയസ്സില്‍ താഴെയുള്ളവരും പൊതുഇടങ്ങളില്‍ വരാന്‍ പാടുള്ളതല്ല. ഇപ്പോള്‍ ഉള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് മാറാതിരിക്കാന്‍ മുന്‍കാലങ്ങളില്‍ നല്‍കിയ നല്ല രീതിയിലുള്ള സഹകരണം നല്ലവരായ നാട്ടുകാരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്. ഇതിനാല്‍ മുഴുവന്‍ പേരും ഈ നടപടികളുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.