തൊഴിലിടങ്ങളിൽ പരാജയമായിരുന്നിട്ടും വളർച്ച വാനോളം: 2013 മുതലുള്ള സ്വപ്നയുടെ വളർച്ച ആരെയും അമ്പരപ്പിക്കും

single-img
7 July 2020

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യ ആസൂത്രക ഐടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയായ സ്വ‌പ്‌ന സുരേഷാണെന്നു കണ്ടെത്തിയതിനു പിന്നാലെ വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. യു.എ.ഇ കോൺസിലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വ്യക്തിയാണ് സ്വപ്നയെന്ന പൊലീസിൻ്റെ കണ്ടെത്തൽ ഗൗരവമായ സ്ഥിതിവിശേഷത്തിലേക്കാണ് വിരൽ ചൂണ്ടുന്നതും. യു.എ.ഇ കോൺസിലേറ്റിലെ ഇൻഫർമേഷൻ ടെക്നോളജി ഓപ്പറേഷൻ മാനേജരാണ് സ്വപ്ന. സംഭവം വെളിയിൽഇ വന്നതിനു പിന്നാലെ ഒളിവിൽ പോയ സ്വപ്നയ്ക്കായി പൊലീസ് തെരച്ചിൽ ശക്തമാക്കിക്കഴിഞ്ഞു. 

സമ്പത്തിനും ഉന്നത സ്വാധീനങ്ങൾക്കും നടുവിലൂടെയായിരുന്നു സ്വപ്നയുടെ വളർച്ച. നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശിയായ സ്വപ്നയുടെ പിതാവ് സുരേഷ് അബുദാബിയിലെ സുൽത്താൻ കുടുംബത്തിലെ പ്രമുഖൻ്റെ പേഴ്സണൽ സെക്രട്ടറിമാരിലൊരാളായിരുന്നു എന്നാണ് വിവരം. അന്നുമുതൽ യുഎഇ യിലെ ഉന്നതരുമായി അടുത്ത ബന്ധം സ്ഥാപിക്കുവാൻ സ്വപ്ന ശ്രമിച്ചിരുന്നു.  എംബിഎ ബിരുദധാരിയായ സ്വപ്ന ഏറെക്കാലം അബുദാബിയിലായിരുന്നു. ഈ സമയത്ത് യുഎഇ യിലെ മലയാളി പ്രമുഖരുമായും അടുത്ത ബന്ധമുണ്ടാക്കുവാനും സ്വപ്ന തൻ്റെ സ്വാധീനമുപയോഗിച്ച് ശ്രമിച്ചു വിജയിച്ചിരുന്നു. 

2013ൽ അബുദാബിയിൽ നിന്നും തിരിച്ചെത്തി തിരുവനന്തപുരത്തെ എയർ ഇന്ത്യ സാറ്റ്സിൽ വൈസ് പ്രസിഡൻ്റ് ബിനോയ് ജേക്കബിന്റെ കീഴിൽ എച്ച്. ആർ. വിഭാഗത്തിൻ്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് മാനേജരായി ജോലിക്കു കയറി. എന്നാൽ 2015 ൽ അവിടെ ഒരു വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അകപ്പെട്ട് പുറത്തുപോകേണ്ടിവന്നു. ഒരു സീനിയർ ഉദ്യോഗസ്ഥനെതിരെ 17 ഓളം യുവതികളുടെ വ്യാജ ലൈംഗികാരോപണ പരാതി കെട്ടിച്ചമച്ച ഈ കേസിൽ ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. എന്നാൽ ഈ കേസ് നിലവിലിരിക്കേ തന്നെ  2015 ൽ അബുദാബി ബന്ധം ഉപയോഗിച്ച് തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ എക്സിക്യൂട്ടീവ് സെക്രട്ടറിയായി ചേരുവാനും സ്വപ്നയ്ക്കു കഴിഞ്ഞു. 

ഈ കാലയളവിലാണ് സർക്കാരിലെ ഉന്നതരുമായി അടുത്തബന്ധമുണ്ടാക്കുവാൻ സ്വപ്ന ശ്രമിച്ചത്. മുടവൻമുകളിലെ ഇവരുടെ ഫ്ളാറ്റിൽ അക്കാലത്ത് ട്രാവൽ ഏജൻസിക്കാർ, ബസിനസുകാർ തുടങ്ങിയവരുടെ തിരക്കായിരുന്നുവെന്ന് അയൽക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ സംസ്ഥാന ഐ.ടി സെക്രട്ടറി ഇവിടെ നിത്യസന്ദർശകനായിരുന്നെന്നും ഔദ്യോഗിക കാറിൽ പതിവായി വരുമായിരുന്നെന്നും റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കിക്കഴിഞ്ഞു. ഫ്ളാറ്റിലെ ആഘോഷം അതിരുവിട്ടതോടെ കൂടുതൽ സെക്യൂരിറ്റിക്കാരെ നിയോഗിക്കേണ്ട അവസ്ഥവരെ അവിടെയുണ്ടായിട്ടുണ്ട്. 

ഇക്കാരണത്താൽ സ്വപ്നയുടെ രണ്ടാം ഭർത്താവ് സെക്യൂരിറ്റിക്കാരുമായി സംഘർഷവുമുണ്ടായിരുന്നു. ഇതോടഴെ അയൽഫ്ളാറ്റുകാർ സ്വപ്നയുമായി ഇടഞ്ഞു. അതോടെയാണ് കുറവൻകോണം അമ്പലനഗറിലെ അനിയൻ ലൈനിലെ എസ്എഫ്എസ് ഫ്ളാറ്റിലേക്ക് ഇവർ താമസം മാറിയത്. ഈ ഫ്ളാറ്റിലാണ് കഴിഞ്ഞ ദിവസം കസ്റ്റംസ് റെയ്ഡ് നടത്തിയത്. 

കാര്യങ്ങൾ ഇങ്ങനെയിരിക്കേ യുഎഇ കോൺസുലേറ്റിലെ അധികാരം ദുരുപയോഗം ചെയ്തതിനെ തുടർന്ന് 2018 ൽ ജോലി പോയി.ഇതിനു പിന്നാലെയാണ് സ്വപ്ന ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലെത്തുന്നത്. ഇതിനു പിന്നിൽ ഐ ടി സെക്രട്ടറിയുടെ കെെകളായിരുന്നുവെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. സ്വർണ്ണക്കടത്ത് സംഭവം വെളിയിൽ വന്നതോടെ ഇവിടെനിന്നും ഇന്നലെ സ്വപ്നയെ പുറത്താക്കിയിരുന്നു. 

ഐ.ടി മേഖലയിൽ മുൻപരിചയമില്ലാതിരുന്നിട്ടും ഓപ്പറേഷൻസ് മാനേജർ എന്ന സുപ്രധാന തസ്തികയിൽ നിയമിക്കാൻ കാരണം ഉന്നതരുടെ ഇടപെടലാണെന്നുള്ള കാര്യം വ്യക്തമാണ്. ജോലിക്കു കയറി മാസങ്ങൾക്കകം സ്‌പേസ് പാർക്ക് പ്രോജക്ട് മാനേജരായും മാർക്കറ്റിംഗ് ലെയ്സൺ ഓഫീസറായും സ്വപ്ന പ്രവർത്തിച്ചുതുടങ്ങി. ഐ.ടി രംഗത്തെ കോർപറേറ്റുകളുമായി കൂടിക്കാഴ്ച നടത്തുന്നതും സ്വപ്നയായിരുന്നെന്നാണ് ഈ രംഗത്തുള്ളവർ വ്യക്തമാക്കുന്നത്. 

കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മാസങ്ങൾക്കു മുൻപ് സ്‌പേസ് പാർക്ക് സംഘടിപ്പിച്ച പരിപാടിയുടെ മുഖ്യസംഘാടകയും സ്വപ്നയായിരുന്നു. സംസ്ഥാനത്ത് അടുത്തിടെ ഏറെ രാഷ്ട്രീയ വിവാദമുയർത്തിയ ഒരു ഇടപാട് സംബന്ധിച്ചുള്ള ഔദ്യോഗിക കൂടിക്കാഴ്ചയിലും ഉന്നതർക്കൊപ്പം സ്വപ്ന പങ്കെടുത്തിരുന്നുവെന്നുള്ള വിവരങ്ങളും പുറഐത്തു വരുന്നുണ്ട്.