റേഷനരി വാങ്ങി കഞ്ഞികുടിക്കാത്ത `പാവങ്ങൾ´: മൂന്നു മാസമായി റേഷൻ വാങ്ങാത്ത അനർഹരെ മുൻഗണനാ വിഭാഗങ്ങളിൽ നിന്നും വെട്ടിമാറ്റും

single-img
6 July 2020

മുൻഗണനാ റേഷൻ കാർഡുണ്ടായിട്ടും റേഷൻ വാങ്ങാത്ത വ്യക്തികളെ സർക്കാർ വെട്ടിമാറ്റാനൊരുങ്ങുന്നു. കൊവിഡ് കാലത്തും സംസ്ഥാനത്ത് റേഷൻ വാങ്ങാതെ അര ലക്ഷത്തിലേറെ കുടുംബങ്ങൾ. അനർഹമായി പട്ടികയിൽ കയറിക്കൂടിയതായാണ് കരുതുന്നത്. ഇവരെ മുൻഗണനാ, സബ്സിഡി വിഭാഗങ്ങളിൽ നിന്ന് വെട്ടിമാറ്റാനാണ് നീക്കം. 

ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്കുകൾ പ്രകാരം ,50,459 കാർഡുടമകൾ കഴിഞ്ഞ മൂന്നു മാസമായി റേഷൻ വാങ്ങിയിട്ടില്ലെന്നാണ് പരിശോധനകളിലൂടെ വ്യക്തമാകന്നത്. ഇവരെ ഒഴിവാക്കി പകരം അത്രയും അർഹർക്ക് മുൻഗണനാ കാർഡുകൾ നൽകാനാണ് തീരുമാനം. 

ഒഴിവാക്കുന്നവരുടെ പേര് വിവരം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പരാതിയുമായി 15 ദിവസത്തിനുള്ളിൽ ആരുമെത്തിയില്ലെങ്കിൽ മുൻഗണനാവാഭാഗത്തിൽ നിന്നൊഴിവാക്കുമെന്നാണ് പുറത്തു വരുനന് റിപ്പോർട്ടുകൾ. മുൻഗണാനാ വിഭാഗത്തിൽ 43,248 പേരും അന്ത്യോദയ അന്ന യോജന വിഭാഗത്തിൽ 4,936 പേരും സംസ്ഥാന മുൻഗണനാ വിഭാഗത്തിൽ 2,275 പേരുമാണുള്ളത്.

മുൻഗണനാ വിഭാഗങ്ങളിലെ അനർഹരെ കണ്ടെത്താൻ സിവിൽ സപ്ലൈസ് ഡയറക്ടർ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. അനർഹമായി റേഷൻ കൈപ്പറ്റിയവർക്കെതിരെ പിഴയ്ക്കൊപ്പം നിയമ നടപടികളും സ്വീകരിക്കും.

അനർഹമായി മുൻഗണനാ വിഭാഗത്തിന്റെ കാർഡ് വച്ച് റേഷൻ വാങ്ങുന്നവരുടെ വിവരങ്ങൾ മന്ത്രി പി. തിലോത്തമന് കൈമാറുമെന്നും  അർഹരെ ഉൾപ്പെടുത്താൻ സർക്കാർ നടത്തുന്ന പരിശോധനകളോട് സഹകരിക്കുമെന്നും റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഓർഗനൈസിംഗ് സെക്രട്ടറി എൻ.ഷിജീർ വ്യക്തമാക്കി.