ചൈനാമുക്കിന്റെ പേര് മാറ്റാൻ കോൺഗ്രസ് ; എതിർപ്പുമായി സിപിഎം; കോന്നി പഞ്ചായത്തിൽ രാഷ്ട്രീയ പോര്

single-img
2 July 2020

പത്തനംതിട്ട ജില്ലയിലെ കോന്നിയിലെ ചൈനാമുക്കിന്റെ പേര് മാറ്റം വിവാടമാകുകയാണ്. നിലവില്‍ കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പേര് മാറ്റാനുള്ള പ്രമേയം പാസാക്കാനുള്ള നീക്കത്തിനെതിരെ സിപിഎം രംഗത്തെത്തി. കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്നം പേര് മാറ്റാനുള്ള സ്വന്തം തീരുമാനത്തിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും അതൃപ്തി രേഖപ്പെടുത്തിയതാണ്. അടുത്തിടെ ലഡാക്കിലെ ഇന്ത്യ ചൈന അതിർത്തിയിൽ പ്രശ്നങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് ഇവിടെ കേരളത്തില്‍ കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിലയിൽ ചൈന മുക്കിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിക്ക് കത്ത് നൽകിയത്.

കത്ത് പുറത്തുവന്നതോടെ പല ദേശിയ മാധ്യമങ്ങളിലും ഇത് വാർത്തയായി മാറുകയും ചെയ്തിരുന്നു. എന്നാല്‍ പേര് മാറ്റുന്നതിനോട് കടുത്ത വിയോജിപ്പാണ് പ്രദേശിക സിപിഎം നേതൃത്വത്തിനുള്ളത്. അതുകൊണ്ടുതന്നെ ജില്ലാ കമ്മിറ്റിയുടെ പിന്തുണയോടെ പ്രമേയത്തെ എതിർക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. അതേസമയം
കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് ഒറ്റയ്ക്ക് തീരുമാനമെടുത്തതിൽ കോന്നി മണ്ഡലം കമ്മിറ്റിക്കും അസംതൃപ്തിയുണ്ട്.

ഈ പഞ്ചായത്തിലെ സ്ഥലത്തിന്റെ പേരിന് പിന്നിൽ നെഹ്റുമായി ബന്ധിപ്പിക്കുന്ന ചരിത്രമുള്ളതും നേതാക്കളുടെ എതിർപ്പിന്റെ കാരണമാണ്. കഴിഞ്ഞ ദിവസം പോലും പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ചക്കെടുക്കാൻ തീരുമാനിച്ചങ്കിലും ഡിസിസിയുടെ ഇടപെടലിനെ തുടര്‍ന്ന് അജണ്ടയിൽ നിന്ന് ഒഴിവാക്കി. 1951 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കേരളത്തില്‍ വന്ന പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു ചെങ്കൊടികൾ നിറഞ്ഞ കവലയെ നോക്കി കമ്മ്യൂണിസ്റ്റ് ചൈനയോയെന്ന് ചോദിച്ചു എന്നതാണ് ചൈന മുക്ക് പേരിന് പിന്നിലുള്ള കഥ.