കോവിഡ് പേടിയിൽ മോർച്ചറി നിഷേധിച്ചു; 71 കാരന്റെ മൃതദേഹം 48 മണിക്കൂർ ഐസ്ക്രീം ഫ്രീസറിൽ സൂക്ഷിച്ച് കുടുംബം

single-img
2 July 2020

കൊൽക്കത്ത: കോവിഡ് പരിശോധനാഫലം വൈകിയതിനാൽ 71 വയസുകാരന്റെ മൃതദേഹം സൂക്ഷിക്കാൻ ഐസ്ക്രീം ഫ്രീസർ വാടകയ്ക്കെടുത്ത് കുടുംബം. 71 കാരനായ അച്ഛൻ മരിച്ചതോടെയാണ് മൃതദേഹം സംസ്കരിക്കാനോ, മോർച്ചറിയിൽ വയ്ക്കാനോ കഴിയാതെ കുടുംബം ബുദ്ധിമുട്ടിയത്.

തിങ്കളാഴ്ചയാണ് ശ്വാസതടസത്തെത്തുടർന്ന് ഈ മുതിർന്ന പൌരൻ ഡോക്ടറെ കാണാൻ പോയത്. ലക്ഷണങ്ങളിൽ സംശയം തോന്നിയ ഡോക്ടർ ഇദ്ദേഹത്തിന് കോവിഡ് ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ചു. മൂന്നുമണിയോടെ തിരികെ വീട്ടിലെത്തിയപ്പോൾ ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇദ്ദേഹം മരണത്തിന് കീഴങ്ങുകയുമായിരുന്നു.

മരണവിവരമറിഞ്ഞ് പരിശോധനയ്ക്കായി പിപിഇ കിറ്റ് അടക്കം ധരിച്ചെത്തിയ ഡോക്ടർ പക്ഷേ മരണസർട്ടിഫിക്കറ്റ് നൽകാൻ തയ്യാറായില്ല. കോവിഡ് പരിശോധനാഫലം വരാതെ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് ഡോക്ടർ അറിയിച്ചു. മരണസർട്ടിഫിക്കറ്റ് ലഭിക്കാതെ മൃതദേഹം സൂക്ഷിക്കാൻ മോർച്ചറി അധികൃതരും തയ്യാറായില്ല. ആരോഗ്യവകുപ്പുമായും രാഷ്ട്രീയക്കാരുമായും എല്ലാം ബന്ധപ്പെട്ടിട്ടും കുടുംബം നിരാശരായി. ഒടുവിൽ ഐസ്ക്രീം ഫ്രീസർ വാടകയ്ക്ക് എടുത്ത് മൃതദേഹം അതിലാക്കി സൂക്ഷിക്കുകയായിരുന്നു.

രണ്ടാം ദിവസം കോവിഡ് പോസിറ്റീവാണെന്ന് ഫലം വന്നതിന് ശേഷമാണ് നഗരസഭാ അധികൃതരെത്തി മൃതദേഹം ഏറ്റെടുത്തത്. 
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് കുടുംബം നിരീക്ഷണത്തിലാണ്.