ഇന്ത്യാ വിരുദ്ധ പരാമർശം; പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി

single-img
30 June 2020

ഇന്ത്യാ വിരുദ്ധമായ പരാമർശം നടത്തിയ കാരണത്താൽ നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഒലി രാജിവെക്കണമെന്ന ആവശ്യവുമായി നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ രംഗത്തെത്തി. നേപ്പാള്‍ മുൻ പ്രധാനമന്ത്രിയും കമ്യൂണിസ്റ്റ് പാർട്ടി ചെയർമാനുമായ പുഷ്പകമൽ പ്രചണ്ഡ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളാണ് പ്രധാനമന്ത്രി ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്.ഇന്ന് നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തില്‍ നടന്ന ദീര്‍ഘമായ വാദ പ്രതിവാദങ്ങൾക്കിടെയാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നത്.

നേപ്പാള്‍ സർക്കാരിനെ മറിച്ചിടാൻ ഇന്ത്യ ശ്രമിക്കുന്നു എന്ന ആരോപണമാണ് ഒലിയുടെ രാജി ആവശ്യപ്പെടാന്‍ കാരണമായത്. രാജ്യത്തിന്റെ ഉന്നത നേതൃത്വത്തിലിരിക്കുന്ന ഒരാൾ ഇതുപോലുള്ള വിലകുറഞ്ഞ പരാമർശങ്ങൾ നടത്താൻ പാടില്ലായിരുന്നുവെന്ന് പ്രചണ്ഡ പറഞ്ഞു.

എങ്ങിനെ നോക്കിയാലും എല്ലാ രീതിയിലും പരാജയപ്പെട്ട പ്രധാനമന്ത്രി കഴിവ് കേട് മറച്ചു വെക്കാൻ ഇന്ത്യക്കെതിരെ തിരിയുകയാണെന്നും യോഗത്തില്‍ വിമർശനമുണ്ടായി. നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മുതിർന്ന നേതാക്കളായ മാധവി കുമാർ നേപ്പാൾ , ജ്വാലാനാഥ് ഖനാൽ , ബാം‌മ്ദേവ് ഗൗതം എന്നിവർ പ്രചണ്ഡയെ പിന്തുണച്ചു.

യാതൊരുവിധ തെളിവുമില്ലാതെ ഇത്തരം പരാമർശങ്ങൾ ഒരു പ്രധാനമന്ത്രി നടത്താൻ പാടില്ലായിരുന്നുവെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടി.സുഹൃത്തും അയല്‍ രാജ്യവുമായ ഇന്ത്യയെ വെറുപ്പിച്ച് ചൈനീസ് പക്ഷപാതിത്വം കാണിക്കുന്ന ശർമ്മ ഒലിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നേപ്പാളിൽ ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നേപ്പാളി കോൺഗ്രസും നേപ്പാള്‍ കമ്യൂണിസ്റ്റ് പാർട്ടിയിലെ പ്രബല വിഭാഗവും ഒലിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.