ലോൺ അടയ്‌ക്കേണ്ടത് മൂന്നു രൂപ 46 പൈസ; ലോക്ക് ഡൗണിൽ ബാങ്കിലേക്ക് കർഷകൻ നടന്നത് 15 കിലോമീറ്റര്‍

single-img
27 June 2020

ലോക്ക് ഡൌൺ നിലനിൽക്കുന്നതിനാൽ വാഹനം ലഭിക്കാതെ കര്‍ണാടകയില്‍ മൂന്നു രൂപ 46 പൈസ ലോണ്‍ അടയ്ക്കാന്‍ കർഷകൻ 15 കിലോമീറ്റര്‍ നടന്നു. സംസ്ഥാനത്തെ ഷിമോഗയിലെ ബാറുവെ ഗ്രാമത്തിലാണ് താന്‍ എടുത്ത ലോണില്‍ ബാക്കി വരുന്ന തുക ഉടൻതന്നെ തിരിച്ചടയ്ക്കണമെന്ന് ബാങ്ക് അറിയിച്ചതിനെ തുടർന്ന് അമാഡേ ലക്ഷ്മിനാരായണ എന്ന കർഷകൻ തുക തിരിച്ചടയ്ക്കാനായി ഇത്രദൂരം നടന്നത്.

ഉടൻതന്നെ തുക തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷ്മി നാരായണ വീട്ടില്‍ നിന്നും 15 കിലോമീറ്റര്‍ ദൂരത്തുള്ള നിട്ടൂര്‍ ടൗണിലേക്ക് നടന്ന് ബാങ്കില്‍ എത്തി തനിക്ക് 3 രൂപ 46 പൈസ തിരിച്ചടവുണ്ടെന്ന് ലക്ഷ്മി നാരായണ ബാങ്കിനെ അറിയിച്ചു. വെറും മൂന്നു രൂപ തിരിച്ചടയ്ക്കാന്‍ ബാങ്കുകാര്‍ കാണിച്ചത് മനുഷ്യത്വ രഹിതമായ നടപടിയാണെന്നും അതില്‍ ദുഃഖം തോന്നുന്നെന്നും ലക്ഷ്മി നാരായണ പിന്നീട് പ്രതികരിച്ചു.

ഏതാനും മാസങ്ങള്‍ക്ക് മുൻപ് മാത്രമാണ് ലക്ഷ്മി നാരായണ 35,000 രൂപ കാര്‍ഷിക ലോണ്‍ എടുത്തത്. ഈ തുകയിൽ നിന്നും 32,000 രൂപ സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു. ബാക്കിയുള്ള 3,000 രൂപ ഇയാള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്കില്‍ ചെന്ന് അടയ്ക്കുകയും ചെയ്തതാണ്. എന്നാൽ, ഈ സമയം ബാങ്കില്‍ ഓഡിറ്റിംഗ് നടന്നു കൊണ്ടിരിക്കുകയായിരുന്നതിനാല്‍ കര്‍ഷകന്റെ ഒപ്പ് ആവശ്യമായിരുന്നു. അതിനാലാണ് ഇദ്ദേഹത്തെ അത്യാവശ്യമായി വിളിച്ചുവരുത്തിയത് എന്ന് ബാങ്ക് മാനേജര്‍ പറയുന്നു.