അഭിപ്രായ വ്യാത്യാസങ്ങള്‍ എല്ലാം മാറ്റിവെച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊറോണ വ്യാപനത്തിനെതിരെ പോരാടണം: അമിത് ഷാ
ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം മാറ്റി നിര്‍ത്തി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഒരുമിച്ചു കൈകോര്‍ക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് അമിത് ഷാ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞത്.
ഡൽഹിയിൽ എല്ലാവര്ക്കും കൊറോണ പരിശോധന ലഭ്യമാക്കുമെന്നും അമിത് ഷാ പറഞ്ഞു. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ താഴെത്തട്ടില്‍ നിന്നും നടപ്പിലാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അമിത് ഷാ അഭ്യര്‍ത്ഥിക്കുകയുണ്ടായി. സർക്കാർ നൽകുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാക്കിയാല്‍ നിലവിലെ സാഹചര്യത്തില്‍ നിന്നും ഡല്‍ഹി ഉടന്‍ കരകയറുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ഇപ്പോൾ ഉള്ളതിനേക്കാൾ ഡല്‍ഹിയില്‍ കൊറോണ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു. വൈറസ് വ്യാപനത്തെ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥരെ യോഗത്തില്‍ അമിത് ഷാ പ്രശംസിച്ചു. സംസ്ഥാനമാകെ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അമിത് ഷാ ഇന്ന് സര്‍വ്വ കക്ഷി യോഗം വിളിച്ച് ചേര്‍ത്തത്. ഈ യോഗത്തില്‍ ആംആദ്മി, കോണ്‍ഗ്രസ്, ബിഎസ്പി, സമാജ് വാദി പാര്‍ട്ടി, ബിജെപി നേതാക്കളും പങ്കെടുത്തു.