ഓൺ ലൈൻ ക്ലാസെടുത്ത അധ്യാപികയ്ക്ക് ‘ബ്ലൂ സാരി ടീച്ചർ’ എന്ന പേരിൽ ഗ്രൂപ്പ്; കൗമാരക്കാരായ കൂടുതൽ പേർ പിടിയിൽ


ലോക്ക് ഡൌൺ കാരണം സർക്കാർ ആരംഭിച്ച പുതിയ ഓൺ ലൈൻ പാഠ്യപദ്ധതി പ്രകാരം ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച സംഭവത്തിൽ കൂടുതൽ പേർ പോലീസ് പിടിയിലായി. സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിൽ ബ്ലൂ സാരി ടീച്ചർ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ മലപ്പുറം സ്വദേശിയായ പതിനാറുകാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഇൻസ്റ്റാഗ്രാമിൽ രൂപീകരിക്കപ്പെട്ട വിവിധ ഗ്രൂപ്പുകളിലൊന്നിൻ്റെ അഡ്മിൻ ഈ കുട്ടിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഈ ഗ്രൂപ്പിൽ മോശമായ രീതിയിൽ കമൻ്റുകളിട്ട നാല് വിദ്യാർത്ഥികളേയും പോലീസ് നിലവിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവർക്ക് പുറമെ ഫേസ്ബുക്ക് അടക്കമുള്ള സസോഷ്യൽ മീഡിയയിലൂടെ അധ്യാപികമാരെ അവഹേളിക്കുന്ന തരത്തിൽ കമൻ്റിട്ട പലരേയും തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.. ധാരാളം ആളുകൾ ഇതിനോടകം കമൻ്റുകൾ നശിപ്പിച്ചു. ഇത്തരത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയവരിലും മോശം കമൻ്റിട്ടവരിലും കൗമാരക്കാരാണ് കൂടുതലും.
അതേസമയം സംഭവത്തിൽ സംഭവത്തിൽ നാല് പ്ലസ് ടു വിദ്യാർത്ഥികളെ സൈബർ ക്രൈം പോലീസ് ഇന്നലെ തിരിച്ചറിഞ്ഞിരുന്നു. മോശമായ സന്ദേശം പ്രചരിപ്പിച്ച വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളും കണ്ണൂർ, എറണാകുളം സ്വദേശികളുമായ വിദ്യാർത്ഥികളെയാണ് ഇന്നലെ തിരിച്ചറിഞ്ഞത്. നിലവിൽ പോലീസ് ഇവരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. ആവശ്യമായ തെളിവ് കിട്ടിയാൽ പ്രതി ചേർക്കും.