വിദേശത്ത് നിന്നെത്തി 42 ദിവസങ്ങൾക്ക് ശേഷം മാഹിയിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

single-img
1 May 2020

ഇന്ന് മാഹിയില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാഹിയിലെ ചെറുകല്ലായി സ്വദേശിയായ 61കാരനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ, 42 ദിവസങ്ങൾക്ക് ശേഷമാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. മാര്‍ച്ച് മാസം 19 നാണ് ദുബായിൽ നിന്ന് നാട്ടിലെത്തിയ ഇയാള്‍ ഇതുവരെ കൊവിഡ് നിരീക്ഷണത്തിലായിരുന്നു. 19 ന് കോഴിക്കോട് കരിപ്പൂരിൽ എയർഇന്ത്യ വിമാനത്തിൽ വന്നിറങ്ങിയ ഇയാൾ ടാക്സിയിൽ മയ്യഴിയിലെ ചെറുകല്ലായിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

പരിശോധനാ ശേഷം ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ മാഹി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമികമായി രോഗലക്ഷണങ്ങളില്ലാതിരുന്ന ഇയാളുടെ സ്രവ പരിശോധന കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടത്തിയത്. മുൻപ് കൊവിഡ് ബാധിച്ച് (ഏപ്രിൽ പതിനൊന്നിന്) മരിച്ച മഹ്റൂഫ് എന്നയാളുടെ അയൽക്കാരനാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചത്.

പക്ഷെ മരിച്ചയാളുമായി ഇയാൾക്ക് സമ്പർക്കം ഒന്നുമില്ലായിരുന്നു എന്നാണ് അറിയുന്നത്. മെഹറൂഫിന്റെ മരണത്തിന്പിന്നാലെ ചെറുകല്ലായി പ്രദേശം പൂർണമായി അടച്ചിരുന്നു.