കൊവിഡിനെതിരെ പ്രതിരോധം; നിർഭയം മ്യൂസിക് വീഡിയോ ഒരുക്കി കേരള പൊലീസ്, സല്യൂട്ടടിച്ച് അഭിനന്ദനവുമായി കമൽഹാസൻ

single-img
13 April 2020

കൊവിഡ് 19 നെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുകയാണ് കേരളം. ജനങ്ങൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനമൊരുക്കാ ൻ പ്രവർത്തിച്ചു കൊണ്ട് കേരളാ പൊലീസും രംഗത്തുണ്ട്. ഇപ്പോഴിതാ കൊവിഡ് പ്രതിരോധത്തിന് ശക്തി പകരാൻ ഒരു മ്യൂസിക് വിഡിയോ കൂടി കേരളാ പൊലീസ് തയ്യാറാക്കിരിക്കു കയാണ്.

കൊച്ചി സിറ്റി പൊലീസ് ഒരുക്കിയ ‘നിര്‍ഭയം’ എന്ന മ്യൂസിക് വീഡിയോ വൈറലായി. നാലുലക്ഷത്തിലേറെ പേരാണ് ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞത്. അതിനിടെ മ്യൂസിക് വീഡിയോ ഒരുക്കിയ കേരള പൊലീസിനെ അഭിനന്ദിച്ച്‌ നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി.

”ഗംഭീരം.. പാടുന്നത് കാക്കിയിട്ട ആളാണ് എന്നത് വളരെ സന്തോഷം പകരുന്നു. ഇത്തരം ആശയങ്ങളുമായി വന്നതിന് പൊലീസ് സേനയിലെ ഉന്നതരെ ഞാന്‍ അഭിനന്ദിക്കുന്നു. എന്റെ സല്യൂട്ട്” കമല്‍ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലാണ് കേരള പൊലീസിനെ കമല്‍ഹാസന്‍ അഭിനന്ദിച്ചത്.

കമല്‍ ഹാസന് നന്ദി പറഞ്ഞ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. കമല്‍ ഹാസന്റെ സന്ദേശം കേരള പൊലീസിലെ ഓരോരുത്തര്‍ക്കും ആത്മവിശ്വാസം പകരുന്നതാണെന്ന് ബെഹ്‌റ കുറിച്ചു. ബെഹ്‌റയുടെ കത്ത് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.

കൊച്ചി സിറ്റി പോലീസ് ഒരുക്കിയ ‘നിര്‍ഭയം’ എന്ന മ്യൂസിക് വീഡിയോ കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ വെള്ളിയാഴ്ച വൈകീട്ടാണ് റീലീസ് ചെയ്തത്. എഡിജിപി മനോജ് എബ്രഹാമാണ് ഈ ആശയത്തിന് പിന്നില്‍. കൊച്ചി മെട്രോ പൊലീസ് സി ഐ അനന്തലാലും സംഘവുമാണ് വീഡിയോ ഒരുക്കിയത്.

മ്യൂസിക് വീഡിയോയുടെ സംവിധാനവും ആലാപനവും അദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഗായകരായി നജീം അര്‍ഷാദും സംഘവും കൂടെയുണ്ട്. സിനിമാഗാനരചയതാവും തലശേരി ബ്രണ്ണന്‍ കോളജില്‍ പ്രൊഫസറുമായ ഡോ. മധു വാസുദേവന്റേതാണ് വരികള്‍. സംഗീതം ഋത്വിക് എസ് ചന്ദ് നിര്‍വഹിച്ചു.