രോഗലക്ഷണങ്ങൾ വകവയ്ക്കാതെ ബന്ധുവീടുകളിൽ സന്ദർശനം,സമൂഹസദ്യ;മൂന്നുവയസും ആറുമാസവും പ്രയമായ കുട്ടികളടക്കം 12 പേർക്ക് രോഗം നൽകി ദമ്പതികൾ

single-img
5 April 2020

ഭോപ്പാൽ: ദുബായിൽ നിന്നെത്തിയ യുവാവും ഭാര്യയും നിയന്ത്രണങ്ങൾ പാലിക്കാതെ ഇടപഴകിയതുമൂലം മധ്യപ്രദേശിൽ 12 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു.ഭോപ്പാലില്‍ നിന്ന് 465 കിലോമീറ്റര്‍ വടക്ക് മൊറേനയിലാണ് സംഭവം.അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായില്‍ നിന്ന് എത്തിയ യുവാവിനും ഭാര്യക്കും കോവിഡ് ലക്ഷണങ്ങള്‍ കാണിച്ചിട്ടും അത് പരിഗണിക്കാതെ ഇവർ ആളുകളുമായി ഇടപഴകി.

ബന്ധുവീടുകളിൽ സന്ദർശനം നടത്തുകയും മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട സമൂഹസദ്യയിലടക്കം പങ്കെടുക്കുകയും ചെയ്തു. ദമ്പതികൾ സമ്പർക്കം പുലർത്തിയവരിൽ 12 പേർക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗ ബാധിതരിൽ മൂന്നുവയസും ആറുമാസവും പ്രായമായ കുട്ടികളടക്കം ഉൾപ്പെടുന്നു.

മാര്‍ച്ച്‌ 17ന് അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ദുബായില്‍ നിന്ന് മൊറേനയില്‍ എത്തിയ യുവാവിനും ഭാര്യക്കുമാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. മാര്‍ച്ച്‌ 20 നാണ് ചടങ്ങ് നടന്നത്. ഇയാളുടെ സഹോദരന്‍, സഹോദരന്റെ ഭാര്യ, ഇവരുടെ മകന്‍, മരുമകള്‍ അവരുടെ മൂന്നും വയസും ആറുമാസം പ്രായമുള്ള കുട്ടികളും അടക്കമുള്ള 12 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ദുബായില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ തന്നെ രോഗ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന ഇയാള്‍ അത് പരിഗണിക്കാതെ ബന്ധുവീടുകളില്‍ ,സന്ദര്‍ശനം നടത്തിയതായും ആരോഗ്യ വകുപ്പ് വിശദമാക്കി. ചടങ്ങില്‍ പങ്കെടുത്ത 800 പേര്‍ നിരീക്ഷണത്തിലാണ്. 33 പേരെ ഇതിനോടകം ക്വാറന്റൈന്‍ ചെയ്തിട്ടുണ്ട്.