“തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്നവരുടെ കാല്‍ കഴുകി കുടിക്കൂ” ; മാധ്യമങ്ങള്‍ക്കെതിരെ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി എം.എല്‍.എ പ്രതിഭ

single-img
4 April 2020

കായംകുളം: കായംകുളം എം.എല്‍.എ. യു. പ്രതിഭയും പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും തമ്മിലുള്ള പോര് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്കെതിരേ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി എം.എല്‍.എ. യുവജനസംഘടനയുടെ പ്രാദേശിക നേതാക്കളും എം.എല്‍.എയും തമ്മിലുള്ള പോര് വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന സ്ത്രീകളുടെ കാല്‍ കഴുകി വെള്ളം കുടിക്കണമെന്നാണ് എം.എല്‍.എയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം കായംകുളത്ത് എംഎല്‍എ ഓഫീസ് ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച്‌ ഡിവിഎഫ്‌ഐ ജില്ലാനേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ എംഎല്‍എയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു . കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്ബോള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ് യു പ്രതിഭ എംഎല്‍എ എന്നായിരുന്നു നേതാക്കളുടെ പ്രധാന വിമര്‍ശനം.

എന്നാല്‍ കൊവിഡിനേക്കാള്‍ വലിയ വൈറസുകളുണ്ടെന്ന് ആ വിമര്‍ശനത്തോട് യു പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഫേസ് ബുക്ക് അടക്കം നവമാധ്യമങ്ങളില്‍ നിറഞ്ഞ തര്‍ക്കം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പ്രതിഭ മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞത് .