കൊവിഡ് ബാധിതന്റെ മകൻ സമ്പർക്കം പുലർത്തിയത് രണ്ടായിരത്തോളം പേരുമായി, സർവേ നടത്തുമെന്ന് ആരോഗ്യവകുപ്പ്

single-img
4 April 2020

മലപ്പുറം: മലപ്പുറത്ത് കൊവിഡ് ബാധിതന്റെ മകന്റെ റൂട്ട് മാപ്പിൽ ആശങ്കയോടെ ആരോഗ്യവകുപ്പ്. കീഴാറ്റൂരിൽ കൊവിഡ് ബാധിച്ച വ്യക്തിയുടെ മകൻ നിരവധിപ്പേരുമായി ഇടപഴകിയെന്നാണ് വിവരം. വിലക്ക് ലംഘിച്ച് ഇയാൾ സമ്പർക്കം പുലർത്തിയത് രണ്ടായിരത്തോളം പേരോടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ആശങ്കയിലാണ്. ഒടുവില്‍ സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താൻ ജനകീയ സർവെ നടത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്.ഇതുവരെ രോഗം സ്ഥിരീകരിക്കാത്ത ഇയാളില്‍ നിന്നുമാണ് 85 കാരനായ പിതാവിന് വൈറസ് ബാധയുണ്ടായത് എന്നാണ് അധികൃതരുടെ വിലയിരുത്തല്‍.

നിരീക്ഷണത്തില്‍ കഴിയണമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം ലംഘിച്ച ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് സഞ്ചാരപാത കണ്ടെത്തുന്നതിനായി ജനകീയ സര്‍വെ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

നിരീക്ഷണ സമയത്ത് ഇയാള്‍ ആനക്കയത്ത് മുന്നൂറോളം പേര്‍ പങ്കെടുത്ത പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുത്തതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ മഞ്ചേരിക്കടുത്ത് ആനക്കയത്ത് 180 ലേറെ പേര്‍ പങ്കെടുത്ത ഒരു മത ചടങ്ങിലും ഇയാള്‍ പങ്കെടുത്തിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുളളവര്‍ ഈ പരിപാടിക്ക് എത്തിയിരുന്നു. തുടര്‍ന്നും ഇയാള്‍ വിലക്ക് ലംഘിച്ച്‌ നിരവധി സ്ഥലങ്ങളില്‍ പോയി. ഇതില്‍ 85 കാരനായ പിതാവിന് മാത്രമാണ് ഇപ്പൊള്‍ അസുഖം സ്ഥിരീകരിച്ചിട്ടുള്ളത്.

മാര്‍ച്ച്‌ 11 ന് സൗദി അറേബ്യയില്‍ നിന്ന് ഉംറ കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തിയ ഇയാളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. പതിമൂന്നാം തീയതി മുതല്‍ സമ്ബൂര്‍ണ്ണ വിലക്കില്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് വീണ്ടും കര്‍ശന നിര്‍ദേശം നല്‍കി. എന്നാല്‍ ഈ നിർദേശങ്ങൾ പാലിക്കാൻ ഇയാൾ തയ്യാറായില്ല. ഇദ്ദേഹം പ്രദേശത്തെ പ്രമുഖ മന്ത്ര ചികിത്സകനാണ് . ഇക്കാലയളവില്‍ നിരവധി പേര്‍ ഇദ്ദേഹത്തെ കാണാന്‍ വന്നിട്ടുണ്ട്. അവരോടെല്ലാം ചികിത്സ തേടാനാണ് അധികൃതരുടെ നിര്‍ദേശം.