കൊറോണയെ പ്രതിരോധിക്കാൻ ദീപം തെളിയിക്കൽ; ഷോ മാത്രമെന്ന് ശശി തരൂർ, ദുരന്ത കാലത്തെ പ്രഹസനമെന്ന് രാമചന്ദ്ര ഗുഹ

single-img
3 April 2020

ഡൽഹി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാത്രി ഒൻപതുമണിക്ക് എല്ലാവരും വീടുകളിൽ പ്രകാശം തെളിയിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. രാജ്യം വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകളുമായെത്തുന്ന പ്രധാനമന്ത്രിയെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

വീടുകളിലെ വൈദ്യുതി വെളിച്ചങ്ങൾ അണച്ച് ചെറുവെളിച്ചങ്ങൾ തെളിയിക്കാൻ ആഹ്വാനം ചെയ്ത മോദിയെ വിമർശിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരും, ചരിത്രകാരൻ രാമചന്ദ്ര ഗുഹയും. ആളുകളുടെ വേദന, സാമ്പത്തിക വിഷമം, മറ്റു ബുദ്ധിമുട്ടുകള്‍ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച്‌ ഒരക്ഷരം പോലും മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ശശി തരൂർ കുറ്റപ്പെടുത്തി.

‘ലോക്ഡൗണിന് ശേഷമുള്ള പ്രശ്‌നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവകാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണം!. തരൂര്‍ ട്വീറ്റില്‍ കുറിച്ചു.

പ്രധാനമന്ത്രിയുടെ നിര്‍ദേശം ദുരന്തകാലത്തെ പ്രഹസനമെന്നാണ് രാമചന്ദ്ര ഗുഹ പരോക്ഷമായി വിശേഷിപ്പിച്ചിരിക്കുന്നത്. ഇവന്റ്‌ മാനേജ്‌മെന്റ് 9.0 എന്നും അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്‌.

‘ഇവന്റ്‌ മാനേജ്‌മെന്റ് 9.0, ഒരു മഹാനായ ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കും. ആദ്യം ദുരന്തമായി പിന്നെ പ്രഹസനമായി. ദുരന്തനേരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ നമുക്കൊരു പ്രഹസനമുണ്ട്‌.’ ഗുഹ ട്വീറ്ററില്‍ കുറിച്ചു.