കോവിഡ്: സൗദിയില്‍ നാല് മരണം കൂടി; രാജ്യത്തെ ആകെ മരണസംഖ്യ എട്ട്

single-img
29 March 2020

സൗദി അറേബ്യയിൽ ഇന്ന് കോവിഡ് ബാധിച്ച് നാല് പേർ കൂടി മരിച്ചു. ഇതിൽ രണ്ട് മരണം ജിദ്ദയിലും രണ്ടെണ്ണം മദീനയിലുമാണ് . ഇവർ നാലുപേരും വിദേശികളാണ്. ഇന്നത്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ എട്ടായി വർദ്ധിച്ചു. ഇതിന് മുൻപ് രണ്ട് വിദേശികൾ മദീനയിലും ഒരു വിദേശി മക്കയിലും ഒരു സ്വദേശി റിയാദിലും മരിച്ചിരുന്നു.

സൗദിയിൽ റിപ്പോർട്ട് ചെയ്ത മരണങ്ങളിലെ എട്ടിൽ ഏഴ് പേരും വിദേശി പൗരന്മാരാണ്. അതേസമയം ഇന്ന് മാത്രം പുതുതായി 96 പേരിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്താകെയുള്ള രോഗികളുടെ എണ്ണം 1299 ആണ്. അതിൽ തന്നെ 12 പേർ ഗുരുതരാവസ്ഥയിലാണ്. ഇതുവരെയുള്ള രോഗമുക്തരുടെ എണ്ണം 66 ആയി.