ചിത്രീകരണം നടക്കുന്നില്ല; ഏപ്രില്‍ ആദ്യം മുതല്‍ സീരിയല്‍, റിയാലിറ്റി ഷോകള്‍ എന്നിവയുടെ സംപ്രേക്ഷണം നിലയ്ക്കും

single-img
29 March 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമാകെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ടെലിവിഷന്‍ സീരിയലുകളുടെ സംപ്രേഷണം ഏപ്രില്‍ ആദ്യം മുതല്‍ നിലയ്ക്കും. ഈ സമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സീരിയലുകള്‍, ദിനംതോറുമുള്ള ടെലിവിഷന്‍ പരിപാടികള്‍, റിയാലിറ്റി ഷോകള്‍ എന്നിവയുടെ ചിത്രീകരണം മുടങ്ങുന്നതിനാല്‍ സംപ്രേഷണം നടക്കില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മുന്‍പ് തന്നെ ഈ മാസം 31 വരെ സീരിയലുകളുടെ ചിത്രീകരണം നിര്‍ത്തിവെക്കാന്‍ മലയാളം ടെലിവിഷന്‍ ഫ്രെറ്റേര്‍ണിറ്റി തീരുമാനിച്ചിരുന്നു.

പിന്നീട് മാര്‍ച്ച് 17 ന് നടന്ന എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ വേണ്ട മുന്‍കരുതലോടെ മാര്‍ച്ച് 19 നകം എല്ലാ ടെലിവിഷന്‍ പരിപാടികളുടെയും ചിത്രീകരണം വളരെ വേഗത്തില്‍ തീര്‍ക്കണമെന്ന് തീരുമാനിച്ചിരുന്നു.
അതേപോലെ തന്നെ ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യന്‍ സിനി എംപ്ലോയീസും ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഡയരക്ടേര്‍സും മാര്‍ച്ച് 19 മുതല്‍ 31 വരെ സിനിമകള്‍, വെബ്‌സീരീസ്, സീരിയലുകള്‍ എന്നിവയുടെ ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തുവരുന്ന ഷൂട്ട് ചെയ്ത എപ്പിസോഡുകള്‍ കഴിഞ്ഞാല്‍ ഏപ്രില്‍ ആദ്യ ആഴ്ചയോടെ എല്ലാ സീരിയലുകളുടെയും സംപ്രേഷണം നിലയ്ക്കും.ഈ സമയം പഴയ എപ്പിസോഡുകള്‍ റീ ടെലികാസ്റ്റ് ചെയ്യാനാണ് തീരുമാനമെന്ന് ചാനല്‍ വക്താക്കള്‍ പറയുന്നു.