കൊറോണയുടെ വ്യാപനം ദൈവ ശിക്ഷ എന്ന് പ്രചരണം; നാല് പേരെ അറസ്റ്റ് ചെയ്യാന്‍ സൗദി പ്രോസിക്യൂഷന്‍ ഉത്തരവ്

single-img
28 March 2020

കൊറോണ വൈറസ് വ്യാപിക്കാനുള്ള കാരണം ദൈവശിക്ഷയാണെന്ന് പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഇവര്‍ കൊറോണ വൈറസ് വ്യാപനത്തെ ദൈവശിക്ഷയുമായി ബന്ധിപ്പിച്ചുള്ള പ്രചാരണങ്ങള്‍ നടത്തിയത്.

അതേപോലെ തന്നെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും കൊറോണ കാരണം ഉടലെടുത്ത പ്രതിസന്ധികളെ പരിഹസിയ്ക്കയും ചെയ്യുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച മറ്റൊരാളെയും അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

ഇവർ നാല് പേരെയും അറസ്റ്റ് ചെയ്ത് കേസുകള്‍ കോടതിയ്ക്ക് കൈമാറാനാണ് നിര്‍ദേശം. സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് ഇന്ന് സൗദി പൗരനായ ഒരാള്‍ കൂടി മരിച്ചു. ഇതോടുകൂടി സൗദിയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. രാജ്യമാകെ 99 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയുമുണ്ടായി.