വെെറസിനെ പേടിച്ച് വീട്ടിനുള്ളിലിരിക്കുന്നവർ ഈ വെെറസുകളെ സൂക്ഷിക്കുക

single-img
25 March 2020

കൊറോണ വൈറസ് മഹാമാരിയായി ലോകം മുഴുവൻ നിശ്ചലമായിരിക്കുകയാണ്. 170ലധികം ലോകരാജ്യങ്ങളിൽ വ്യാപിച്ച വെെറസ് ജനങ്ങളെ വീട്ടിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയാണ്. ഓരോരുത്തരുടെയും ലോകം വീടുകൾക്കുള്ളിൽ ചുരുങ്ങിയതോടെ മൊബെെൽ ഫോണും ഇന്റർനെറ്റും കംപ്യൂട്ടറും ജനങ്ങൾക്ക് കൂട്ടായെത്തി.വെെറസിനെ പേടിച്ച് ജനങ്ങൾ വീ്ട്ടിലിരിക്കുന്ന ഈ അവസരം മുതലാക്കി ലോകമെമ്പാടുമുള്ള സൈബര്‍ കുറ്റവാളികള്‍ അവരുടെ കുശാഗ്ര ബുദ്ധിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കൊറോണയെ കുറിച്ചുള്ള ഭീതി കാശാക്കിമാറ്റാനുള്ള ശ്രമത്തിലാണവര്‍. അതിന്റെ ഫലമായി വ്യാപമായ ഫിഷിങ് മെസേജുകളും, മാല്‍വെയറുകളടങ്ങുന്ന ഇമെയിലുകളും ജനങ്ങളിലേക്ക് വ്യാപകമായി എത്തുകയാണ്.

ലോകാരോഗ്യ സംഘടനയുടെയും മറ്റ് ആധികാരിക ഏജന്‍സികളുടെയും സ്ഥാപനങ്ങളുടേയും പേരിലുള്ള വ്യാജ ഇമെയിലുകളിലൂടെയും സന്ദേശങ്ങളിലൂടെയുമാണ് ഇവര്‍ മാല്‍വെയറുകള്‍ അയക്കുന്നത്. ജനങ്ങളില്‍ നിന്നും വിവരങ്ങള്‍ കൈക്കലാക്കാനും അതില്‍ നിന്നും പണമുണ്ടാക്കാനുമാണ് ഇവരുടെ ശ്രമം. ലോകാരോഗ്യ സംഘടനയെ പോലുള്ള സ്ഥാപനങ്ങളുടേയും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടേയും സര്‍ക്കാര്‍ വകുപ്പുകളുടേയും വെബ്‌സൈറ്റുകളും സെര്‍വറുകളും കയ്യടക്കാനുള്ള ശ്രമവും തകൃതിയായി നടക്കുന്നുണ്ട്.

കൊറോണ വ്യാപനം ആഗോള ഭീതിയ്ക്ക് ഇടയാക്കിയതോടെ ഹാക്കര്‍മാര്‍ വ്യാപകമായി രംഗത്തിറങ്ങിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ന്യൂസ് 18 നല്‍കിയ റിപ്പോര്‍ട്ടില്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്‌സ് ഡയറക്ടര്‍ ഹിമാന്‍ഷു ദൂബെ പറയുന്നത് ഹാക്കര്‍മാര്‍ക്ക് സമൂഹത്തിലുണ്ടാവുന്ന പുതിയ ട്രെന്‍ഡുകള്‍ തിരിച്ചറിയാനുള്ള വിദഗ്ദരായിരിക്കുമെന്നാണ്. ഇപ്പോഴത്തെ ട്രെന്‍ഡ് കൊറോണ വൈറസ് ആണ്. അതുമായി ബന്ധപ്പെട്ട നിരവധി വെബ്‌സൈറ്റുകളാണ് ദിവസേനയെന്നോണം സൃഷ്ടിക്കപ്പെടുന്നത്. അതില്‍ നല്ലതുമുണ്ട് അപകടകാരികളുമുണ്ട്.

അപകടകാരികളായ വെബ്‌സൈറ്റുകളുടെ മുഖ്യലക്ഷ്യം പണംതട്ടുകയാണ്. കൊറോണയെ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുമെന്ന വ്യാജേന ആളുകളെ ആകര്‍ഷിച്ച് കുടുക്കിലാക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും, ആധികാകരിക സംഘടനകളുടെയും വെബ്‌സൈറ്റുകളുടെ തിരിച്ചറിയാന്‍ പറ്റാത്ത വ്യാജന്‍ നിര്‍മിച്ച് ആളുകളെ കബളിപ്പിക്കും. പാസ് വേഡുകളും മറ്റ് വിവരങ്ങളും കൈക്കലാക്കുകയാണ് ലക്ഷ്യം. കുറച്ചാഴ്ചകള്‍ക്ക് മുമ്പ് ദിവസേന 1000 ഡൊമൈനുകളാണ് സൃഷ്ടിക്കപ്പെട്ടിരുന്നത് എങ്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് അത് 10000 ഡൊമൈനുകളായി വര്‍ധിച്ചിട്ടുണ്ടെന്ന് ദുബെ പറയുന്നു.