‘അസംഘടിത മേഖലകളിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവർ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു രാജ്യത്തെ പ്രധാനമന്ത്രി അവരോട് വീടിനുള്ളിൽ അടച്ചിരിക്കാൻ പറയുമ്പോൾ കൂട്ടത്തിൽ പറയേണ്ടിയിരുന്നത് വിശപ്പടക്കാനുള്ള മാർഗ്ഗത്തെക്കുറിച്ച് തന്നെയായിരുന്നു’; ജി സുധാകരൻ

single-img
25 March 2020
wayanad school girl death snake bite G Sudhakaran

കൊറോണ വൈറസ് രാജ്യത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ ജനജീവിതത്തെക്കുറിച്ച് മറ്റൊന്നും പറയാതെ ലോക്ക്ഡൗൺ മാത്രം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്.

കൂലിപ്പണിയെടുത്ത് ജീവിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുള്ള രാജ്യത്ത് അവരുടെ ദൈനംദിന ജീവിതത്തിനുള്ള മാർഗങ്ങൾ കാണാതെ, ആവശ്യമായ സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്താതെ അടച്ചു പൂട്ടൽ മാത്രം പ്രഖ്യാപിച്ച മോദിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ജി സുധാകരൻ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

അസംഘടിത മേഖലകളിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവർ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു രാജ്യത്തെ പ്രധാനമന്ത്രി അവരോട് വീടിനുള്ളിൽ അടച്ചിരിക്കാൻ പറയുമ്പോൾ കൂട്ടത്തിൽ പറയേണ്ടിയിരുന്നത് വിശപ്പടക്കാനുള്ള മാർഗ്ഗത്തെക്കുറിച്ച് തന്നെയായിരുന്നു എന്ന് മന്ത്രി പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

”ലോകത്താകെ മരണവും ഭീതിയും വിരിച്ച കൊറോണ വൈറസ് രോഗത്തെ നേരിടാൻ ഇന്നുമുതൽ 21 ദിവസത്തേക്ക് രാജ്യം മുഴുവൻ ലോക്ക്ഡൌൺ ചെയ്യാൻ ആണ് നമ്മുടെ പ്രധാനമന്ത്രി ഇന്നലെ രാത്രി ആഹ്വാനം ചെയ്തത്. ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത് നല്ല കാര്യമാണ്. അന്ധവിശ്വാസങ്ങളിലും അഭ്യൂഹങ്ങളിലും വിശ്വസിക്കരുതെന്നും രോഗം വന്നാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കണമെന്നും സ്വയം ചികിത്സ അരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വെയിലത്ത് 15 മിനിട്ട് ഇരുന്നാൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിക്കുമെന്നും അതുവഴി കൊറോണ വൈറസ് ഇല്ലാതാകുമെന്നും ആയിരുന്നു കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൌബേ കഴിഞ്ഞ ആഴ്ച്ച പറഞ്ഞത്. സ്വന്തം പാർട്ടി നേതാക്കളും മന്ത്രിമാരും നടത്തുന്ന ഇത്തരം അബദ്ധ പ്രസ്താവനകളെ പ്രധാനമന്ത്രി തന്നെ തള്ളിക്കളഞ്ഞത് നല്ല നീക്കം തന്നെയാണ്.

എല്ലാവരും വീടിനുള്ളിൽ കഴിയുക വീടിനുമുന്നിലെ ലക്ഷ്മണരേഖ ആരും കടക്കാതിരിക്കുക എന്നെല്ലാം പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട് എന്നാൽ വീടിനുള്ളിൽ ഇരിക്കുന്ന മനുഷ്യർ എങ്ങനെ ഭക്ഷണം കഴിക്കും എന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും മിണ്ടാതിരുന്നത് ഖേദകരമാണ്. 2015-ൽ പ്രസിദ്ധീകരിച്ച സോഷ്യോ-എക്കണോമിക്ക് കാസ്റ്റ് സെൻസസ് പ്രകാരം ഗ്രാമങ്ങളിൽ ജീവിക്കുന്ന ഇന്ത്യാക്കാരിൽ 75% പേരുടേയും ശരാശരി ദിവസ വരുമാനം വെറും 33 രൂപ മാത്രമാണ്. മൊത്തം ഇന്ത്യൻ ജനസംഖ്യയുടെ 69%-ഉം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. ഈ ഗ്രാമീണ ഇന്ത്യാക്കാരിൽ 51% കുടുംബങ്ങളുടെയും ജീവനോപാധി കൂലിപ്പണിയാണ്. ഈ കണക്കിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ മാത്രമേ ഇപ്പോൾ വന്നിരിക്കാനിടയുള്ളൂ.

അസംഘടിത മേഖലകളിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്നവർ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു രാജ്യത്തെ പ്രധാനമന്ത്രി അവരോട് വീടിനുള്ളിൽ അടച്ചിരിക്കാൻ പറയുമ്പോൾ കൂട്ടത്തിൽ പറയേണ്ടിയിരുന്നത് വിശപ്പടക്കാനുള്ള മാർഗ്ഗത്തെക്കുറിച്ച് തന്നെയായിരുന്നു.
ഇക്കാര്യം നമ്മുടെ സംസ്ഥാനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ ഉറപ്പ് വരുത്തിയിട്ടുണ്ട്. കേരളത്തിൽ ഒരു ലോക്ക്ഡൌൺ അനിവാര്യമായേക്കും എന്ന് തോന്നിയ സാഹചര്യത്തിൽ അതിനെ നേരിടാനും ജനങ്ങൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും മറ്റ് ബുദ്ധിമുട്ടുകൾ മറികടക്കാനും 20000 കോടി രൂപയുടെ പാക്കേജാണ് കേരളസർക്കാർ പ്രഖ്യാപിച്ചത്. രണ്ടുമാസത്തെ സാമൂഹിക സുരക്ഷാപെൻഷൻ അഡ്വാൻസായി നൽകുക, എല്ലാ കുടുംബങ്ങൾക്കും ഒരു മാസത്തേക്ക് സൌജന്യ റേഷൻ നൽകുക, എന്നിവ ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനു ശേഷമാണ് കേരള സർക്കാർ മറ്റ് നീക്കങ്ങൾ നടത്തിയത്.

ഇത്തരത്തിൽ ജനങ്ങളുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി എല്ലാ സംസ്ഥാനങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്നതിന് ഒരു പാക്കേജ് പോലും പ്രധാനമന്ത്രി പ്രഖ്യാപിച്ചില്ല എന്നത് ഖേദകരമാണ്. ആരോഗ്യമേഖലയ്ക്കായി കേവലം 15000 കോടിരൂപയുടെ ഒരു പാക്കേജ് മാത്രമാണ് പ്രഖ്യാപിക്കപ്പെട്ടത്. വീടിനുള്ളിൽക്കഴിയുന്ന ജനങ്ങൾക്ക് ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും സൌജന്യമായി എത്തിക്കുന്നതിനായി ഒരു പാക്കേജ് അദ്ദേഹം പ്രഖ്യാപിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

എങ്കിലും കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിനായി അദ്ദേഹം പ്രഖ്യാപിച്ച സോഷ്യൽ ഡിസ്റ്റൻസിങ്ങും ലോക്ക്ഡൌണും പാലിക്കുക എന്നത് നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണ്. എന്തെന്നാൽ നമ്മുടെ ജീവനും നമ്മുടെ ചുറ്റുമുള്ളവരുടെ ജീവനും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ചുരുങ്ങിയത് മൂന്ന് മാസത്തേയ്ക്കെങ്കിലും കേരളത്തിലെ ജനങ്ങൾ അവശ്യ സാധനങ്ങൾക്കായി ബുദ്ധിമുട്ടേണ്ടി വരില്ല എന്നത് സംസ്ഥാന സർക്കാർ നൽകുന്ന ഉറപ്പാണ്.”

ലോകത്താകെ മരണവും ഭീതിയും വിരിച്ച കൊറോണ വൈറസ് രോഗത്തെ നേരിടാൻ ഇന്നുമുതൽ 21 ദിവസത്തേക്ക് രാജ്യം മുഴുവൻ ലോക്ക്ഡൌൺ ചെയ്യാൻ…

Posted by G Sudhakaran on Tuesday, March 24, 2020