ഡ്രൈവര്‍ വേഷത്തിലെത്തി രണ്ട് ഡസനിലേറെ കൊവിഡ് 19 പരിശോധനാ കിറ്റുകള്‍ മോഷ്ടിച്ചു; മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്

single-img
23 March 2020

അമേരിക്കയിൽ നിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇവിടെയുള്ള ക്ലിനിക്കില്‍ നിന്ന് രണ്ട് ഡസനിലേറെ കൊവിഡ് 19 പരിശോധനാ കിറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. യുഎസിലുള്ള അരിസോണ ടക്‌സണ്‍ സിറ്റിയിലെ എല്‍റിയോ ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് 29 പരിശോധനാ കിറ്റുകള്‍ മോഷ്ടിക്കപ്പെട്ടത്. മോഷണ വിവരം അറിഞ്ഞതിനെ തുടർന്ന് അന്വേഷണ ഭാഗമായി മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ടക്‌സണ്‍ പോലീസ് പുറത്തുവിട്ടു.

കഴിഞ്ഞ 20നാണ് മോഷണം നടന്നത്. ക്ലിനിക്കിൽ നിന്നുള്ള ഡെലിവറി വാഹനത്തിന്റെ ഡ്രൈവര്‍ വേഷത്തിൽ എത്തി ഈ യുവാവ് കൊവിഡ് പരിശോധനാ കിറ്റുകളുമായി പോകുകയായിരുന്നു. മോഷണം നടക്കുമ്പോൾ ക്ലിനിക്കിലെ സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊർജ്ജിതമായി നടക്കുകയാണെന്നും ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ പോലീസിനെ അറിയിക്കണമെന്നും ടക്‌സണ്‍ പോലീസ് ട്വീറ്റ് ചെയ്തു. അതേസമയം മോഷണം പോയ കിറ്റുകളിലൂടെ മാത്രം കൊവിഡ് രോഗബാധ പരിശോധിക്കാനാകില്ലെന്നും ആരും ഇത് വാങ്ങരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.