ഒറ്റക്കെട്ടായി നേരിടാം ടീച്ചറെ; ഏത് മഹാമാരിയിലും ഞങ്ങൾ ഒപ്പമുണ്ട്

single-img
13 March 2020

തിരുവനന്തപുരം​: സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവയ്ക്ക് മലയാളം പഠിപ്പിച്ചു കൊടുക്കക, മോഹൻലാലിനെ കുറ്റം പറഞ്ഞ കെ.ആർ.കെയോട് നാടൻ ഭാഷ പറയുക, ചെറിയൊരു ഇന്ത്യൻ വെബ് പേജ് ഹാക്ക് ചെയ്ത പാകിസ്ഥാന്റെ ആഭ്യന്തര സെെറ്റിൽ കയറി പണി കൊടുക്കുക.അങ്ങിനെ എന്തൊക്കെയോ ഹോബികളാണ് മലയാളി പിള്ളേർക്ക്. എന്നാൽ സോഷ്യൽ മീഡിയ എങ്ങനെ ഉത്തരവാദിത്തത്തോടെ ഉപയോ​ഗിക്കാമെന്ന് അവരെപ്പോലെ തെളിയിച്ച വേറൊരു കൂട്ടരും ഉണ്ടാകില്ല എന്നതാണ് സത്യം. കേരളം വിറങ്ങലിച്ചു നിന്ന പ്രളയ സന്ദർഭങ്ങളിലും നിപ്പ പ്രതിരോധ പ്രവർത്തനങ്ങളിലും നമ്മൾ അത് കണ്ടതാണ്. കൊറോണ പ്രതിരോധത്തിൻെറ ഭാഗമായി ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരും ഓടിനടന്ന്​ പ്രവർത്തിക്കുമ്പോൾ കൈയ്യടിക്കാൻ മാത്രമല്ല, കൂടെ നിൽക്കാനും ഞങ്ങളുണ്ടെന്ന്​ പറയുകയാണ്​ അതേ ‘ന്യൂ ജൻസ്​’.

ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ ഓരോ ​ഫെയ്​സ്​ബുക്ക്​ പോസ്​റ്റിന്​ താഴെയും നിരവധി പേരാണ്​ സൗജന്യ സേവനമടക്കം വാഗ്​ദാനം ​ചെയ്​ത്​ കമൻറ്​ ചെയ്യുന്നത്​്​. ഐസൊലേഷൻ വാർഡുകളിലും മറ്റും രാത്രി ഡ്യൂട്ടിയടക്കം ചെയ്യാൻ ഒരുക്കമാണെന്നാണ്​ പലരും പറയുന്നത്​. പ്രൊഫഷണൽ നഴ്​സിങ്​, ഫാർമസി യോഗ്യതകളുള്ളവരും എട്ടും പത്തും വർഷം നഴ്​സിങ്​ പരിചയമുള്ളവരും ഇങ്ങനെ സേവനം വാഗ്​ദാനം ചെയ്​ത്​ മുന്നോട്ട്​ വരുന്നുണ്ട്​. ഐ​സൊലേഷൻ വാർഡുകളിലെ ശുചീകരണമടക്കം ചെയ്യാൻ തയാ​റാണെന്ന്​ പറയുന്നവരിൽ എം.ബി.എക്കാരും ബിടെക്കുകാരുമൊക്കെയുണ്ട്​.

മുമ്പ്​ ജോലി ചെയ്​തിരുന്നവരും ഇപ്പോൾ തൊഴിലൊന്നുമില്ലാതെ തുടരുന്നവരും വിവിധ സാ​ങ്കേതിക യോഗ്യതകളുള്ളവരുമെല്ലാം എന്തിനും ഒരുക്കമാണെന്ന്​ പറഞ്ഞ്​ കമൻറ്​ ചെയ്യുന്നവരിലുണ്ട്​. ആവശ്യമെങ്കിൽ വിളിക്കാൻ തങ്ങളുടെ ഫോൺ നമ്പർ അടക്കമാണ്​ പലരും കമൻറ്​ ചെയ്യുന്നത്​. ഒരു വകക്കും കൊള്ളില്ലെന്ന്​ നമ്മൾ ഇടക്കിടെ പറയുകയും പ്രളയം വരുമ്പോഴും മഹാമാരി വരുമ്പോഴും മാത്രം നമ്മൾ വാഴ്​ത്തുകയും ചെയ്യുന്ന അതേ ‘ന്യൂ ജന​റേഷൻ​’ അഥവാ കേരളത്തിന്റെ ചുണക്കുട്ടികൾ.