കേരളത്തിലെ പകൽ താപനില 37 ഡിഗ്രിയായി; കൊറോണ ബാധയ്ക്ക് കുറവൊന്നുമില്ല: 30 ഡിഗ്രി ചൂടിൽ വെെറസ് നശിക്കുമെന്നു പറഞ്ഞവരെ കാണാനുമില്ല

single-img
11 March 2020

കേരളത്തിൽ ഫെബ്രുവരി മുതൽ പകൽ താപനില 37 ഡിഗ്രിയിലും അധികമായിട്ടും രോഗബാധിതരായ വ്യക്തികൾ സംസ്ഥാനത്ത് കൂടിവരുന്നു. അന്തരീക്ഷ താപനില 30 ഡിഗ്രി സെൽഷ്യസിൽ കടന്നാൽ പനി വൈറസുകൾ നശിക്കുമെന്ന ധാരണ അടിച്ചേൽപ്പിച്ചു വെച്ചിരുന്നവർ ഇപ്പോൾ മിണ്ടാട്ടമില്ലാതെയായിട്ട് ദിവസങ്ങളായി. സ്വാഭാവികമായും 30 ഡിഗ്രി ചൂടിൽ നശിക്കേണ്ടതാണ് വെെറസ് വിഭാഗം. എന്നാൽ കൊറോണ അങ്ങനെയല്ലെന്ന് വിദഗ്ദർ വെളിപ്പെടുത്തിയിരുന്നു. ജനിതകമാറ്റത്തോടെ പ്രത്യക്ഷപ്പെടുന്ന വൈറസ്  ആരോഗ്യ മേഖലയ്ക്ക് ഉയർത്തുന്നത് കനത്ത വെല്ലുവിളിയാണ്. 

ചൂടേറിയ കാലാവസ്ഥയിൽ വൈറസുകളൊന്നും പടർന്നു പിടിക്കില്ലെന്നായിരുന്നു ചിലർ സംസ്ഥാനത്ത് അഭിപ്രായപ്പെട്ടത്. എന്നാൽ 33 ഡിഗ്രി ശരാശരി പകൽ താപനിലയുള്ള സിംഗപ്പൂരിനൊപ്പം കേരളത്തിലും കൊറോണ പടരുകയായിരുന്നു. പുതിയ ഇനം ഫ്ലൂ വൈറസ് ആയതിനാൽ  താപനിലയും ഇതിന്റെ വ്യാപനവുമായി ബന്ധപ്പെട്ട പഠനങ്ങളൊന്നും ഇല്ലെന്നു യുഎസിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. ഇതിന്റെ പ്രഭവകേന്ദ്രമോ സ്വഭാവമോ ഗവേഷകർക്ക് അറിയില്ല. ഈ വൈറസിനെപ്പറ്റി ശാസ്ത്ര സമൂഹം പഠനം ആരംഭിച്ചതേയുള്ളൂ. 

അന്തരീക്ഷത്തിലെ ഈർപ്പം കൂടിയാൽ വൈറസ് വ്യാപനം വർധിക്കുമെങ്കിലും താപനില കൂടിയാൽ അവ നശിക്കുമോ എന്ന കാര്യത്തിൽ ഇനിയും ഗവേഷണം നടക്കേണ്ടിയിരിക്കുന്നുവെന്നാണ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സൻസസിലെ ഗവേഷകർ പറയുന്നത്. ജൂണിൽ മഴ തുടങ്ങിയാൽ കേരളത്തിൽ പനിക്കാലം ആരംഭിക്കുന്നത് ഇതിനു തെളിവാണെന്നും രോഗത്തിനു തുടക്കമിടുന്ന സമയത്ത് ചൈനയിലും മറ്റു രാജ്യങ്ങളിലും അന്തരീക്ഷ താപനില പത്തു ഡിഗ്രിക്കും താഴെയായിരുന്നുവെന്നും അവർ ഓർമ്മിപ്പിക്കുന്നുണ്ട്.  8.72 ഡിഗ്രി സെൽഷ്യസാണ് വൈറസ് വ്യാപിക്കാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷ താപനിലയെന്ന് ചൈനയിലെ സൺയാത് സെൻ സർവകലാശാലാ ഗവേഷകർ പറയുന്നത്. 

വെറും ഫ്ലൂ വൈറസായി കൊറോണ കെട്ടടങ്ങാനുള്ള സാധ്യത കുറവാണ്.  തത്കാലം കെട്ടടങ്ങിയാലും അടുത്ത സീസണിലും വരാമെന്നും വദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ചൂടിലും തണുപ്പിലും പിടിച്ചു നിൽക്കുന്ന വൈറസിനെ നിയന്ത്രിച്ചു നിർത്താനുള്ള പ്രതിരോധ മരുന്നുകൾ ഗവേഷകണശാലകളിൽ അതിവേഗം ഒരുങ്ങുകയാണെന്നും  ഈ രംഗത്തെ വിദഗ്ധർ പറയുന്നുണ്ട്.