ഫോർബ്സ് മാസിക 2020: പട്ടികയില്‍ ഇടംനേടി ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ് സിസിഒ വി നന്ദകുമാർ
ലുലു ഗ്രൂപ്പിന്റെ മിഡില്‍ ഈസ്റ്റ് സിസിഒ വി നന്ദകുമാറിന് രാജ്യാന്തര ബഹുമതി. മധ്യപൂര്‍വദേശം – ആഫ്രിക്ക മേഖലയിലെ മികച്ച 50 മാര്‍ക്കറ്റിങ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഉദ്യോഗസ്ഥരുടെ ഫോര്‍ബ്സ് മാസിക 2020 പ്രസിദ്ധീകരിച്ച പട്ടികയിലാണ് ലുലു ഗ്രൂപ്പ് മിഡിലീസ്റ്റ് സിസിഒ വി നന്ദകുമാര്‍ ഇടംപിടിച്ചത്.
19 രാജ്യങ്ങളിയായി വ്യാപിച്ചുകിടക്കുന്ന വ്യത്യസ്ത വ്യവസായങ്ങളുടെയും ബിസിനസ് വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരെയാണ് പട്ടികയിലേയ്ക്ക് തെരഞ്ഞെടുത്തത്. ഈ പട്ടികയില്‍ വി നന്ദകുമാര്‍ നാലാം സ്ഥാനം കരസ്ഥമാക്കി. മാസ്റ്റര്‍ കാര്‍ഡിന്റെ ബിയാട്രിസ് കൊര്‍ണാഷ്യയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
പെപ്സി സിഎംഒ മുസ്തഫ ഷംസുദ്ദീന് രണ്ടാം സ്ഥാനത്തും ടെലികോം ഭീമനായ ഉറേഡൂ ഗ്രൂപ്പ് സിഒ ആന്‍ഡ്രൂ ക്വാല്‍സെത് മൂന്നാം സ്ഥാനത്തുമെത്തി. അറബ് രാജ്യങ്ങളിലെ പ്രമുഖർക്ക് മേൽക്കോയ്മയുള്ള പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഇന്ത്യക്കാരനാണ് ഇദ്ദേഹം. ഫോർബ്സ് പട്ടികയിലെ 50 പേരിൽ 22 പേർ വനിതകളാണ്. അതില്‍ തന്നെ അറബ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഈജിപ്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ–9.
കേരളത്തില്‍ തിരുവനന്തപുരം സ്വദേശിയായ നന്ദകുമാര്‍ കഴിഞ്ഞ 25 വര്‍ഷത്തോളമായി കമ്യൂണിക്കേഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന വ്യക്തിയാണ്. 1995മുതല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം നേരത്തെ ടൈംസ് ഗ്രൂപ്പില്‍ മീഡിയാ കമ്യൂണിക്കേഷന്‍ റിസര്‍ച്ച് മാനേജറായിരുന്നു. 2015 മുതല്‍ ലുലു ഗ്രൂപ്പ് ഇന്റര്നാഷനലില് ചീഫ് കമ്യൂണിക്കേഷന്‍ ഓഫീസറാണ്. 2000ത്തില്‍ ലുലു ഗ്രൂപ്പില്‍ ചേര്‍ന്നത് മുതല്‍ ലുലുവിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.