ആലപ്പുഴ ബൈപ്പാസ് ഇടിഞ്ഞുവെന്നത് വ്യാജപ്രചാരണം: നിർമാണ പ്രവൃത്തികൾക്കായി മണ്ണ് നീക്കിയത് കരാറുകാർ തന്നെയെന്ന് ജി സുധാകരൻ

single-img
7 March 2020

തിരുവനന്തപുരം: നിർമാണം നടന്നുകൊണ്ടിരിക്കുന്ന ആലപ്പുഴ ബൈപ്പാസിലെ അപ്രോച്ച് റോഡിൽ മണ്ണിടിഞ്ഞുവെന്നത് വ്യാജപ്രചരണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ അപ്രോച്ചിലെ മണ്ണ് ഇടിഞ്ഞു വീണതല്ലെന്നും പ്രവൃത്തിക്കുവേണ്ടി കരാറുകാർ തന്നെ നീക്കം ചെയ്തു കൊണ്ടിരിക്കുന്നതാണെന്നും മന്ത്രി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ആലപ്പുഴ ബൈപ്പാസിന്‍റെ കളർകോട് ഭാഗത്ത് പാലത്തിന്‍റെ അപ്രോച്ച് സ്ലാബ് കഴിഞ്ഞ് അപ്രോച്ച് തുടങ്ങുന്ന ഭാഗത്ത് കഴിഞ്ഞ മഴക്കാലത്ത് (മെയ് മാസം) ടാർ പ്രതലത്തിലും അതിനോട് ചേർന്ന ആർ.ഇ വാള്‍ പാനലിലും വിള്ളല്‍ രൂപപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അപ്രോച്ച് സ്ലാബിന്‍റെ അടിയിലുള്ള മണ്ണ് ഇരുത്തിയതുമൂലമാണ് വിള്ളല്‍ ഉണ്ടായതെന്നും പ്രസ്തുത തകരാർ പരിഹരിക്കുന്നതിന് കരാറുകാർക്ക് കത്ത് നല്‍കിയിരുന്നുവെന്നും മന്ത്രി പറയുന്നു.

ആലപ്പുഴ ബൈപ്പാസിന്‍റെ കളർകോട് ഭാഗത്ത് പാലത്തിന്‍റെ അപ്രോച്ച് സ്ലാബ് കഴിഞ്ഞ് അപ്രോച്ച് തുടങ്ങുന്ന ഭാഗത്ത് കഴിഞ്ഞ…

Posted by G Sudhakaran on Saturday, March 7, 2020

മഴമാറിയാലുടന്‍ തന്നെ അപാകത സംഭവിച്ച ആർ.ഇ വാള്‍ പാനലുകള്‍ നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ച് മണ്ണ് ഫില്ല് ചെയ്യുന്നതിനുള്ള ഡിസൈന്‍ വീണ്ടും തയ്യാറാക്കുകയും ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.

പ്രസ്തുത ഭാഗത്ത് 80 മീറ്റർ നീളത്തില്‍ സ്ഥാപിച്ചിരുന്ന ആർ.ഇ വാള്‍ പാനലുകള്‍ എല്ലാം അടിഭാഗം മുതല്‍ നീക്കം ചെയ്താല്‍ മാത്രമേ ടി പ്രവൃത്തി പൂർണ്ണമായി പൂർത്തീകരിക്കുവാന്‍ സാധിക്കുകയുള്ളു. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ജനുവരി അവസാനത്തോടുകൂടി ആരംഭിച്ചിരുന്നു.

തുടർന്ന് പുതിയ ആർ.ഇ വാള്‍ പാനല്‍ നിർമ്മിക്കുകയും ഇവ ഉപയോഗിച്ച് അപ്രോച്ച് റോഡിന്‍റെ തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി 80 മീറ്റർ നീളത്തില്‍ അപ്രോച്ച് റോഡിലെ മണ്ണും ആർ.ഇ വാള്‍ പാനലും നീക്കം ചെയ്തു കൊണ്ടിരിക്കുകയാണ്.

മാധ്യമങ്ങളില്‍ പ്രചരിക്കുന്നതുപോലെ അപ്രോച്ചിലെ മണ്ണ് ഇടിഞ്ഞു വീണതല്ലെന്നും പ്രവൃത്തിക്കുവേണ്ടി കരാറുകാർ തന്നെ നീക്കം ചെയ്തു കൊണ്ടിരിക്കുന്നതാണെന്നും അറിയിച്ചുകൊള്ളുന്നു.

മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

ബൈപ്പാസ് പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിച്ചിരിക്കുന്ന പിണറായി സർക്കാരിന്‍റെ നേട്ടത്തെ ചിലർ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നുണ പ്രചരണം നടത്തുകയാണ്. ആലപ്പുഴയിലെ പ്രബുദ്ധരായ ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും മന്ത്രി പറഞ്ഞു.