കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനത്തിന് കോടതി വിധി തടസമല്ല: ബിൽ ഉടൻ കൊണ്ടു വരുമെന്ന് സർക്കാർ

single-img
3 March 2020

കൊച്ചി: കലാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തനം സംബന്ധിച്ച് ഹെെകോടതി ഉത്തരവിന്മേൽ പുതിയ നീക്കങ്ങൾക്കൊരുങ്ങി സംസ്ഥാന സർക്കാർ. സംഘടനാ പ്രവർത്തനത്തിന് നിയമം കൊണ്ടുവരുന്നതിനാണ് സർക്കാർ ലക്ഷ്യം. നിയമസഭയിലാണ് സംസ്ഥാന സർക്കാർ തങ്ങളുടെ നിലപാട് ആവർത്തിച്ചത്. അതേസമയം കലാലയങ്ങളിൽ സംഘടനാ പ്രവർത്തനം നിരോധിച്ച ഹൈക്കോടതി വിധി നിയമം കൊണ്ടുവരുന്നതിന് തടസമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനത്തിന് കോടതി കൊണ്ടുവന്ന നിരോധനത്തിനെതിരെ യുവ എംഎൽഎമാരായ എം സ്വരാജും വിടി ബൽറാമുമാണ് ശ്രദ്ധ ക്ഷണിക്കൽ കൊണ്ടുവന്നത്. വിദ്യാർത്ഥികൾക്ക് രാഷ്ട്രീയ ബോധമില്ലാതായാൽ അരാഷ്ട്രീയ വാദികൾ ഉണ്ടാകുമെന്ന് മറുപടിയിൽ മന്ത്രി കെടി ജലീൽ പറഞ്ഞു. കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം നിയമമാകാൻ ഉടൻ തന്നെ ബില്ല് കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ നിയമോപദേശം തേടിയ ശേഷം സ്വീകരിക്കുമെന്ന് മന്ത്രി ജലീൽ വിശദീകരിച്ചു. സംഘടനാ പ്രർത്തനങ്ങൾ ഇല്ലാതായാൽ മത ജാതി സംഘടനകളും തീവ്രവാദി സംഘടനകളും കലാലയങ്ങളിൽ ശക്തമാകുമെന്ന ആശങ്കയും മന്ത്രി പ്രകടിപ്പിച്ചു.

നേരത്തെ കലാലയങ്ങളിൽ രാഷ്ട്രീയ സംഘടനാ പ്രവർത്തനത്തിന്‍റെ പേരിൽ പഠിപ്പ് മുടക്കുന്നതും സമരം നടത്തുന്നതും മൗലികാവകാശത്തിനുമേലുളള കടന്നുകയറ്റമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.വിദ്യാർത്ഥികൾ പഠിക്കുന്നതിനാണ് സ്കൂളുകളിലും കോളേജുകളിലും വരുന്നത്. അത്തരത്തിലുള്ള ക്യാംപസുകളിൽ സമാധാനപരപമായ ചർച്ചകൾക്കോ സംവാദങ്ങൾക്കോ ഇടമുണ്ടാകണം. അതേസമയംപഠിപ്പു മുടക്കാൻ പ്രേരിപ്പിക്കുന്നതും വിദ്യാർഥികളെ സമരത്തിനിറക്കുന്നതും നിയമവിരുദ്ധമാണെന്നും കോടതി ഉത്തരവിലുണ്ട്. കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും എന്നും അറിയിച്ചിട്ടുണ്ട്.