ഒരു വർഷത്തിനകം കേരളം സമ്പൂർണ പാൽ ഉൽപാദക സംസ്ഥാനമായി മാറും: മന്ത്രി ഇ പി ജയരാജൻ

single-img
26 February 2020

തിരുവനന്തപുരം: ഉത്പാദനത്തിൽ സ്വയംപര്യാപ്തതരായി ഒരു വർഷത്തിനകം സമ്പൂർണ്ണ പാൽ ഉൽപാദക സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി ഇ പി ജയരാജൻ. സംസ്ഥാന ക്ഷീരസംഗമം 2020നോടനുബന്ധിച്ച് നടത്തുന്ന കേരള ഡയറി എക്സ്പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരി 25 മുതൽ 28 വരെ തിരുവനന്തപുരം കനകക്കുന്നിലാണ് സംഗമം നടക്കുന്നത്.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും പാൽ ഇറക്കുമതി ചെയ്യുന്ന രീതി മാറി സംസ്ഥാനത്തെ ആവശ്യങ്ങൾക്കുള്ള മുഴുവൻ പാലും ഇവിടെ തന്നെ ഉത്പാദിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ക്ഷീരവകുപ്പ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഒരു ദിവസം 90 ലക്ഷം ലിറ്റർ പാൽ ഉല്പാദിപ്പിക്കുകയാണ് ലക്ഷ്യം. 85 ലക്ഷത്തിലേറെ ലിറ്റർ പാലിന്റെ ആവശ്യകത ഇപ്പോൾ തന്നെ സംസ്ഥാനത്തുണ്ട്. സഹകരണ മേഖലയിൽ പാൽ സംഘങ്ങൾ മികച്ച ഉത്പാദനം നടത്തുന്നുണ്ട്. ഇതോടൊപ്പം പാൽ അധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങുവാൻ ശ്രമിക്കണം. പാലിനെ ഒരു വ്യവസായ അസംസ്കൃത വസ്തുവായിക്കണ്ട് സംരംഭങ്ങൾ ആരംഭിക്കണം. അതിനുള്ള അവബോധവും ആശയങ്ങളും ലഭിക്കാൻ ഇത്തരം എക്സ്പോ സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. പാൽ അധിഷ്ഠിത വ്യവസായ രംഗത്ത് നിരവധി സംരംഭങ്ങൾ ആരംഭിക്കാനുള്ള അവസരം ഇപ്പോൾ സംസ്ഥാനത്തുണ്ട്. ക്ഷീരവകുപ്പും ഇത്തരം പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നുണ്ട്. സംരംഭങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനവും സർക്കാർ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷീരവികസനവകുപ്പ് മന്ത്രി കെ. രാജു ചടങ്ങിൽ അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ എം.എൽ.എ വി കെ പ്രശാന്ത് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.