അനധികൃത സ്വത്ത് സമ്പാദനം: വിഎസ് ശിവകുമാറിനെതിരെ കോടതിയില്‍ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു

single-img
18 February 2020

അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസിൽ മുന്‍ മന്ത്രിയും എംഎല്‍എയുമായ വിഎസ് ശിവകുമാറിനെതിരെ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. തലസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്പി വിഎസ് അജിയാണ് എഫ്ഐആര്‍ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്.

2011- 2016 കാലയളവിലെ യുഡിഎഫ് സര്‍ക്കാരില്‍ ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്ന വിഎസ് ശിവകുമാര്‍ ഈ കാലയളവിൽ പേഴ്സണല്‍ സ്റ്റാഫിന്‍റേയും സുഹൃത്തുകളേയും ബിനാമികളാക്കി ശിവകുമാര്‍ സ്വത്തുകള്‍ സമ്പാദിച്ചെന്ന് കോടതിയില്‍ സമര്‍പ്പിച്ച എഫ്ഐആറില്‍ വിജിലന്‍സ് പറയുന്നു.

ശിവകുമാറിന് പുറമെ സുഹൃത്തുകളും പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായ എം രാജേന്ദ്രൻ, ഷൈജു ഹരൻ, എന്‍എസ് ഹരികുമാർ എന്നിവരും പ്രതിപട്ടികയിലുണ്ട്. വിഎസ് ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ ഡ‍്രൈവറായിരുന്ന ആളാണ് ഷൈജു ഹരന്‍. അതേസമയം തനിക്കെതിരെയുള്ള ഏതു തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നതായും അന്വേഷണത്തോട് സഹകരിക്കുമെന്നും വിഎസ് ശിവകുമാര്‍ വ്യക്തമാക്കി.

എഫ്ഐആര്‍ തയ്യാറാക്കിയ വിജിലന്‍സ് നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ ഉയർന്നുവന്നിട്ടുള്ള എല്ലാ ആരോപണങ്ങളും വിജിലന്‍സ് ആഘോഷിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു.